സ്വകാര്യബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
Tuesday, March 11, 2025 2:51 AM IST
പാലാ: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. ഇതോടെ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് വിദ്യാര്‍ഥികളടക്കം 20ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ഇടമറ്റം മുകളേല്‍ (കൊട്ടാരത്തില്‍) ഗോപാലകൃഷ്ണന് നായരുടെ മകന് എം.ജി. രാജേഷാണ് (41) മരിച്ചത്. പൈക-ഭരണങ്ങാനം റൂട്ടില്‍ ഇടമറ്റം ചീങ്കല്ല് ജംഗ്ഷനു സമീപം ഇന്നലെ രാവിലെ 7.15 നായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് കലുങ്കും മതിലും ഇടിച്ചു തകര്‍ത്ത് തെങ്ങിലിടിച്ചാണു നിന്നത്. തെങ്ങും മറിഞ്ഞുവീണു.
ചേറ്റുതോട് -ഭരണങ്ങാനം - പാലാ റൂട്ടിലോടുന്ന കൂറ്റാരപ്പള്ളില്‍ ബസ് പാലായ്ക്ക് വരുന്പോഴാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷയ്ക്കു പോയ സ്കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഡ്രൈവറെയും പരിക്കേറ്റവരെയും പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറുടെ ജീവന് രക്ഷിക്കാനായില്ല.
പരിക്കേറ്റ മൂന്നു പേര് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാലുപേര്‍ പാലാ ജനറല്‍ ആശുപത്രിയിലും രണ്ടുപേര്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലും ഒരാള്‍ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലും ചികിത്സയിലാണ്. രാജേഷിന്റെ മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍.
അമ്മ: ലീലാമ്മ മുകളേല്‍ (ഇടമറ്റം). ഭാര്യ അഞ്ജു എസ്. നായര്‍ തിടനാട് ചാരാത്ത് കുടുംബാംഗം. മക്കള്‍: അനശ്വര, ഐശ്വര്യ (ഇടമറ്റം കെടിജെഎം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍).