‘വിവിധ്താ കാ അമൃത് മഹോത്സവി’ൽ കേരളത്തിന്റെ രുചിക്കൂട്ടുമായി സൗപർണിക കുടുംബശ്രീ യൂണിറ്റ്
Monday, March 10, 2025 3:02 AM IST
തിരുവനന്തപുരം: രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനത്തിൽ സംഘടിപ്പിച്ച ‘വിവിധ്താ കാ അമൃത് മഹോത്സവി’ൽ കേരളത്തിന്റെ തനതു രുചിക്കൂട്ടുകൾ വിളന്പാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് സൗപർണിക കുടുംബശ്രീ യൂണിറ്റ്.
യൂണിറ്റ് അംഗങ്ങളായ സജീന, നുസ്രത്ത്, പ്രശാന്തിനി, മൈമൂന, ഷാഹിദ എന്നിവരാണ് രുചിക്കൂട്ട് ഒരുക്കുന്നതിൽ പങ്കാളികളായത്. മാർച്ച് ഒന്നു മുതൽ ഒന്പതു വരെ സംഘടിപ്പിച്ച മേളയിൽ കേരളം, തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധ്ര തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പുതുച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് പങ്കെടുത്തത്. ഇതിൽ കേരളത്തിന് അനുവദിച്ച ഫുഡ്സ്റ്റാൾ കുടുംബശ്രീക്ക് ലഭിച്ചതു വഴിയാണ് ഇവർക്ക് അവസരമൊരുങ്ങിയത്.
മേളയുടെ തുടക്കം മുതൽ തിരുവിതാംകൂർ കൊച്ചി മലബാർ രുചികൾ നിറഞ്ഞ ഭക്ഷ്യവിഭവങ്ങളാണ് ഒരുക്കിയത്. മത്സ്യവും മാംസവും കൊണ്ടുള്ള വിവിധ തരം ബിരിയാണികൾ, ചിക്കൻ വിഭവങ്ങൾ, ലഘുഭക്ഷണങ്ങൾ, കപ്പ, മീൻകറി, മിനി സദ്യ എന്നിവയായിരുന്നു പ്രധാന ആകർഷണം. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, ജനപ്രതിനിധികൾ, ഉന്നതഉദ്യോഗസ്ഥർ എന്നിവർ ഫുഡ്സ്റ്റാൾ സന്ദർശിച്ചത് അഭിമാനമായി.
ഒന്പതു ദിവസത്തെ വിറ്റുവരവിലൂടെ അഞ്ചു ലക്ഷം രൂപയോളം വരുമാനവും നേടി. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റൻറ് പ്രോഗ്രാം മാനേജർ ആർ.എസ്.ഷൈജു, കുടുംബശ്രീ യുവശ്രീ സംരംഭമായ ഐഫ്രത്തിന്റെ സാരഥികളായ അജയകുമാർ, ദയൻ, റിജേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഫുഡ് സ്റ്റാളിന്റെ പ്രവർത്തനം.