സെസും ഫീസും ബദൽവഴി
സ്വന്തം ലേഖകൻ
Monday, March 10, 2025 3:17 AM IST
കൊല്ലം: വികസനത്തിന് ജനം അനുകൂലമാണെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ വികസനരേഖയുമായി മുന്നോട്ടുപോകൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഭവസമാഹരണത്തില്‍ ജനദ്രോഹ നിലപാട് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിച്ച "നവകേരളത്തിനായി പുതുവഴികള്‍ രേഖ’യുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന ആശങ്കകള്‍ക്കെല്ലാം മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തിന് അനുകൂലമായ നയം, സെസും ഫീസും പിരിക്കാനുള്ള നീക്കം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ആശങ്കകള്‍ ഉയര്‍ന്നിരുന്നത്.
സെസ്, ഫീസ് തുടങ്ങിയവ വിഭവസമാഹരണത്തിനുള്ള ഒരു സാധ്യത എന്നനിലയിലാണ് മുന്നോട്ടുവച്ചത്. ഉടന്‍ അതേപടി നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ മുന്നോട്ടുപോകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴുള്ള ബദല്‍വഴി തേടല്‍ എന്നനിലയിലാണ് സെസ് എന്ന ആശയം മുന്നോട്ടുവച്ചതെന്നായിരുന്നു മറുപടി പ്രസംഗത്തില്‍ പിണറായിയുടെ വിശദീകരണം. പ്രവാസി നിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കല്‍ പ്രധാന ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കി വരുമാനം കൂട്ടും. കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് കാര്യമായി ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ ഇനിയും നാടിനുവേണ്ടി മാറാനുണ്ട്. കുറേക്കാലമായി വര്‍ധനയില്ലാത്ത മേഖലയില്‍ വര്‍ധന വരുത്തി വിഭവസമാഹരണമുണ്ടാക്കണം. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഇതുവരെയുള്ള നയസമീപനങ്ങളില്‍ വലിയ പൊളിച്ചെഴുത്തിന് തുടക്കം കുറിച്ചാണ് കൊല്ലം സമ്മേളനത്തില്‍ "നവകേരളത്തിനുള്ള കാഴ്ചപ്പാട്' എന്നപേരില്‍ പിണറായി വിജയന് നയരേഖ അവതരിപ്പിച്ചത്.
ആശങ്കകള്‍ ഉന്നയിച്ചിരുന്നെങ്കിലും നയരേഖയ്ക്ക് സിപിഎം സംസ്ഥാന സമ്മേളന പ്രതിനിധികള്‍ പൂര്‍ണപിന്തുണയാണു നല്‍കിയത്. സ്വകാര്യ പങ്കാളിത്തത്തിനുപുറമെ സെസും ഫീസും അടക്കമുള്ള നിര്‍ദേശങ്ങളില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന നിര്‍ദേശം മാത്രമാണു സമ്മേളന ചര്‍ച്ചയില്‍ ഉയര്‍ന്നത്.
എം.വി. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തു. കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. 89 അംഗ സംസ്ഥാന കമ്മിറ്റിയെയും 17 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. സെക്രട്ടേറിയറ്റിൽ മൂന്നുപേരും സംസ്ഥാനസമിതിയിൽ 17 പേരും പുതുമുഖങ്ങളാണ്. വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാക്കി.