എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു
Sunday, March 9, 2025 1:58 AM IST
കോടഞ്ചേരി (കോഴിക്കോട്): പോലീസ് പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടൻ ഷാനിദാണ് (28)മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.
വെള്ളിയാഴ്ച രാത്രി പോലീസ് പട്രോളിഗിനിടെയാണ് അമ്പായത്തോട്ടുവച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ ഷാനിദിനെ പിടികൂടുന്നത്. പോലീസിനെ കണ്ട് യുവാവ് കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിലെ രണ്ട് എംഡിഎംഎ പായ്ക്കറ്റുകൾ വിഴുങ്ങുകയായിരുന്നു.
ഇയാൾ ഓടുന്നതിനിടെ ഒരു പായ്ക്കറ്റ് വിഴുങ്ങുന്നത് പോലീസ് ശ്രദ്ധിച്ചിരുന്നു. അപകടം മനസിലാക്കിയ പോലീസ് ഷാനിദിനെ പിടികൂടി. വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് ഷാനിദ് തന്നെയാണ് പോലീസിനോടു പറഞ്ഞത്. 30 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കോഴിക്കോട് മെഡിക്കൽ കോളജിലെ സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ രണ്ട് ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു.
ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം. അതിനിടയിലാണ് ഇന്നലെ രാവിലെ മരണം സംഭവിച്ചത്.
ഷാനിദിനെതിരേ കോടഞ്ചേരി, താമരശേരി പോലീസ് സ്റ്റേഷനുകളില്‍ ലഹരിവില്പന നടത്തിയതിന് കേസുകളുണ്ട്. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.