കഴകക്കാരൻ അവിടെത്തന്നെ ജോലി ചെയ്യും: മന്ത്രി വാസവൻ
Tuesday, March 11, 2025 1:53 AM IST
തിരുവനന്തപുരം: കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം നിയമങ്ങൾ അനുസരിച്ച് സർക്കാർ നിയമിച്ച കഴകക്കാരൻ ആ തസ്തികയിൽ ക്ഷേത്രത്തിൽതന്നെ ജോലി ചെയ്യണമെന്നുള്ളതാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. ജാതിയുടെ പേരിൽ ഒരാളെ ജോലിയിൽനിന്നും മാറ്റിനിർത്തുന്നത് സാംസ്കാരിക കേരളത്തിന് അപമാനകരമായ സംഭവമാണ്.
തന്ത്രിമാരുടെ വിയോജിപ്പിനെത്തുടർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിൽനിന്നൊഴിവാക്കിയത് അംഗീകരിക്കാൻ കഴിയില്ല. കൂടൽമാണിക്യം ആക്ടും, റെഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലികൾ നിർവഹിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങളുമുണ്ട്. കഴകം തസ്തികയിൽ കൂടൽമാണിക്യത്തിൽ രണ്ട് പേരെയാണ് നിയമിക്കാവുന്നത്.
ഇതിലൊന്ന് കഴകം തസ്തികയിലേക്ക് പാരന്പര്യമായി തന്ത്രി നിർദേശിക്കുന്ന വ്യക്തിയേയും, രണ്ടാമത്തേതിൽ നേരിട്ടുള്ള നിയമനം വഴി കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് മുഖേനയും നിയമിക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഇതിൽ രണ്ടാമത്തെ കഴകം ഒഴിവിൽ റിക്രൂട്ട്മെന്റ്് ബോർഡ് വഴി നിയമിതനായ ബാലു എന്ന വ്യക്തി കഴകം ജോലി ചെയ്യുന്നതിലാണ് തന്ത്രിമാർ വിയോജിപ്പ് രേഖപ്പെടുത്തിയത്. അത്തരം ഒരു തീരുമാനമുണ്ടായത് നിർഭാഗ്യകരമായി. അബ്രാഹ്മണരെ പൂജാരിമാരാക്കിയ നാടാണിത്. അതിനാൽ ആ പോസ്റ്റിൽ നിയമിതനായ വ്യക്തി അവിടെ നിഷ്കർഷിച്ച ജോലി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.