സിപിഎം സംസ്ഥാന കമ്മിറ്റി രൂപീകരണം; രൂക്ഷ പ്രതികരണവുമായി പത്മകുമാർ; മയപ്പെടുത്താൻ ജില്ലാ സെക്രട്ടറി
Tuesday, March 11, 2025 2:51 AM IST
പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതി രൂപീകരണത്തെ തുടർന്നു പരസ്യമായി പ്രതിഷേധിച്ച മുൻ എംഎൽഎ എ. പത്മകുമാറിനെ മയപ്പെടുത്താൻ നീക്കം.
പത്മകുമാര്‍ പാര്‍ട്ടിക്കൊരു പ്രശ്നമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രാവിലെ പ്രതികരിച്ചുവെങ്കിലും ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാറും പത്മകുമാറിനെ കണ്ടശേഷം ഇരുഭാഗത്തെ നിലപാടുകളും മയപ്പെട്ടു. സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ എ. പത്മകുമാര്‍ പാർട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഒഴിയുകയാണെന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു.
നാളെ ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം എന്തു തീരുമാനിക്കുന്നുവെന്ന് കാത്തിരിക്കുകയാണെന്ന് പിന്നീട് അദ്ദേഹം തന്നെ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിനിധികൾ കൂടി പങ്കെടുക്കുന്ന യോഗത്തിൽ പത്മകുമാറിനെതിരേ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിൽ പത്മകുമാർ പങ്കെടുത്ത് തന്റെ ഭാഗം വിശദീകരിക്കുമെന്നാണ് സൂചന.
സിപിഎം സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ച എ. പത്മകുമാര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്ന് ഇന്നലെ രാവിലെയും മാധ്യമങ്ങളോടു പ്രതികരണം നടത്തിയതോടെയാണ് നടപടി ഉറപ്പാണെന്ന തരത്തിൽ സംസ്ഥാന നേതാക്കളും പ്രതികരിച്ചത്.
സിപിഎമ്മിൽ 50 വര്‍ഷം പ്രവർത്തന പരിചയമുള്ള തന്നെ തഴഞ്ഞു ഒമ്പതു വർഷത്തെ പാർലമെന്ററി പാരന്പര്യം മാത്രമുള്ള വീണാ ജോര്‍ജിനെ പരിഗണിച്ചുവെന്ന് പത്മകുമാർ തുറന്നടിച്ചു.
ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ല.അച്ചടക്ക നടപടി പ്രതീക്ഷിക്കുകയാണ്. എന്നാല്‍ സിപിഎം വിടില്ലെന്നും പത്മകുമാര്‍ പറയുന്നു.
ചില പ്രത്യേക സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇത് പിന്നീട് പിൻവലിക്കുകയും ചെയ്തു. 99 ശതമാനവും പാർട്ടിയുമായി യോജിച്ചു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വീണാ ജോർജനെ സിപിഎം സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കിയ തീരുമാനം വന്നതിനു പിന്നാലെ കൊല്ലത്തെ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോരികയും ഫേസ്ബുക്ക് പോസ്റ്റിടുകയുമായിരുന്നു.
ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമുമായി നടത്തിയ ചർച്ചയ്ക്കുശേഷം പത്മകുമാർ നിലപാട് മയപ്പെടുത്തി. തുടർന്നാണ് ജില്ലാ കമ്മിറ്റി തീരുമാനംവരെ പരസ്യ പ്രതികരണം ഇല്ലെന്ന നിലപാടിലേക്ക് എത്തിയത്.
1973ൽ എസ്എഫ്ഐയിലൂടെ സംഘടനാ രംഗത്തെത്തിയ പത്മകുമാർ 1983 മുതൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ്. 1993 മുതൽ ജില്ലാ സെക്രട്ടേറിയറ്റിലുമുണ്ട്.
“പത്മകുമാർ പ്രധാനപ്പെട്ട നേതാവ് ”
എ. പത്മകുമാർ ഉന്നയിച്ച കാര്യങ്ങൾ പരിശോധിക്കും. ജില്ലയിലെ പ്രധാനപ്പെട്ട നേതാവാണ് പത്മകുമാർ. മന്ത്രി വീണാ ജോർജ് സ്തുത്യർഹമായ പ്രവർത്തനമാണ് നടത്തുന്നത്. മന്ത്രിമാർ സംസ്ഥാന സമിതിയിൽ ഇല്ലെങ്കിൽ അവരെ ക്ഷണിതാവാക്കാറുണ്ട്.
സി. രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോൾ സംസ്ഥാന സമിതിയിലേക്ക് ക്ഷണിച്ചിരുന്നു. നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന സംസ്ഥാന സമിതിയിൽ മന്ത്രിമാർ ഉണ്ടാകണമെന്നതിനാലാണിത്. പത്മകുമാർ അഭിപ്രായം പറയേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ ഘടകത്തിലാണ്. പരസ്യമായി ഉന്നയിച്ചത് പാർട്ടി ഗൗരവമായി പരിശോധിക്കും.
- സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം