കിണർ തേകാനിറങ്ങിയ തൊഴിലാളിയും രക്ഷിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറും ശ്വാസം മുട്ടി മരിച്ചു
Monday, March 10, 2025 3:17 AM IST
എരുമേലി: കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയും രക്ഷിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറും ശ്വാസം മുട്ടി മരിച്ചു. എരുമേലി ആമക്കുന്ന് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ആറ്റുകാൽപുരയിടത്തിൽ ഗോപകുമാർ (ബിജു -48), കൂവപ്പള്ളി സ്വദേശി പാക്കേകാവുങ്കൽ വീട്ടിൽ അനീഷ് (49) എന്നിവരാണ് മരിച്ചത്. എരുമേലി ടൗണിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
എരുമേലി തുണ്ടത്തിൽ അബ്ദുൾ ഷൈബുവിന്റെ വീട്ടിലെ വെള്ളം കുറഞ്ഞ 30 അടിയോളം ആഴമുള്ള കിണറ്റിലാണ് അപകടമുണ്ടായത്. ഇവിടെ വാടകയ്ക്കു താമസിക്കുന്ന സന്തോഷിന്റെ ബന്ധുവാണ് മരിച്ച ഗോപകുമാർ (ബിജു).
കിണർ വൃത്തിയാക്കാൻ ഇറങ്ങിയ അനീഷ് അപകടത്തിൽപ്പെട്ടപ്പോൾ ഇവിടേക്ക് ഓട്ടോറിക്ഷയുമായി ഓട്ടം വന്ന ഗോപകുമാർ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു. കിണറ്റിൽ ഓക്സിജൻ ഇല്ലാത്തതു മൂലമാണ് അപകടം സംഭവിച്ചത്. എരുമേലി പോലീസും കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് കിണറ്റിൽ ഓക്സിജൻ സ്പ്രേ ചെയ്ത് ഇറങ്ങി യാണ് ഇരുവരെയും പുറത്തെടുത്ത് എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. മരിച്ച ബിജുവിന്റെ മൃതദേഹം ഇന്നു രാത്രി എട്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: മിനി. മകൻ: ആനന്ദ്.
മരിച്ച അനീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. ഭാര്യ: ഷീബ.
ബിജുവിന്റെ മകൻ ഇന്ന് പ്ലസ്ടു പരീക്ഷയും അനീഷിന്റെ മകൾ പത്താം ക്ലാസ് പരീക്ഷയും എഴുതേണ്ടവരാണ്.