പ്ലസ് ടു രസതന്ത്രം പരീക്ഷ കഠിനം, വിജയത്തെ ബാധിക്കുമെന്ന് അധ്യാപകർ
Tuesday, March 11, 2025 1:53 AM IST
തൃശൂർ: പ്ലസ് ടു രണ്ടാംവർഷ കെമിസ്ട്രി പരീക്ഷ വിദ്യാർഥികളെ വലച്ചുവെന്ന് അധ്യാപകർ. ഓർഗാനിക് കെമിസ്ട്രിയിലെ ചോദ്യങ്ങൾ തലതിരിച്ചാണു ചോദ്യപ്പേപ്പറിൽ.
മിടുക്കരായ വിദ്യാർഥികൾക്കുപോലും മൂന്നുവട്ടം വായിച്ചാലേ ചോദ്യം മനസിലാകൂ എന്ന അവസ്ഥയായിരുന്നു. 60 മാർക്കിന്റെ പേപ്പറിൽ 30 മാർക്ക് ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിൽനിന്നാണെന്നും പലർക്കും ജയിക്കാനുള്ള സാധ്യതതന്നെ ഇല്ലാതായെന്നും അധ്യാപകർ പറഞ്ഞു.
എൻട്രൻസ് പരീക്ഷകളെ വെല്ലുന്ന ചോദ്യങ്ങൾ നൽകിയാണ് വിദ്യാർഥികളെ വലച്ചതെന്നു രക്ഷിതാക്കൾ പ്രതികരിച്ചു.
ചോദ്യപ്പേപ്പർ തയാറാക്കുമ്പോൾ കുട്ടികളുടെ ഭാഗത്തുനിന്നുകൂടി ചിന്തിക്കണമെന്നു തൃശൂർ ജില്ലയിലെ ഹയർ സെക്കൻഡറി രസതന്ത്രം അധ്യാപകകൂട്ടായ്മയായ ആക്ടിന്റെ നേതാക്കളായ ഡോ. എസ്. സിന്ധു, ജി. റസൽ, ഡോ. അബി പോൾ എന്നിവർ അഭിപ്രായപ്പെട്ടു.
കൺസെപ്റ്റ് ലെവൽ ചിന്തയും പ്രയോഗക്ഷമതയും നേരത്തെ ശീലിച്ചുവരേണ്ടതാണ്. അത് പ്ലസ് ടു ഫൈനൽ പരീക്ഷയ്ക്ക് ഒറ്റയടിക്കു നടപ്പാക്കുന്നതിന്റെ പ്രയാസമെന്നും അധ്യാപകർ പറഞ്ഞു. ഭൂരിഭാഗം കുട്ടികളും യൂട്യൂബ് മോഡൽ ക്ലാസാണ് താൽപ്പര്യപ്പെടുന്നതും.