സെക്രട്ടേറിയറ്റിൽ ഇത്തവണയും പി. ജയരാജനെ വെട്ടി
സ്വന്തം ലേഖകൻ
Monday, March 10, 2025 3:17 AM IST
കൊല്ലം: സമൂഹമാധ്യമങ്ങളിൽ ഫാൻസിന്റെ എണ്ണം കൂട്ടലല്ല നേതാക്കളുടെ ജോലിയെന്ന വിമർശനം ഇക്കുറി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പട്ടിക വന്നപ്പോൾ പി. ജയരാജനുള്ള താക്കീതായിരുന്നു അതെന്ന് വ്യക്തമായി.
സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടേറിയറ്റ് രൂപീകരണം കഴിഞ്ഞ എറണാകുളം സമ്മേളനം മുതലാണ് ആരംഭിച്ചത്. അന്ന് ഏഴുപേരെ ഒഴിവാക്കി എട്ടുപേരെ പുതുതായി ഉൾപ്പെടുത്തി സെക്രട്ടേറിയറ്റ് അഴിച്ചുപണിതു. അതിൽ പി. ജയരാജൻ ഇടം പിടിക്കാത്തത് അണികളെ നിരാശരാക്കിയിരുന്നു. ഇനിയൊരു അവസരമില്ലാത്തതിനാൽ 73 കാരനായ പി. ജയരാജൻ ഇത്തവണ സെക്രട്ടേറിയറ്റിൽ ഇടംപിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും വീണ്ടും അവഗണിച്ചു. കണ്ണൂരിൽനിന്ന് നിലവിലെ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സെക്രട്ടേറിയറ്റിലെത്തിയതോടെ പി. ജയരാജന്റെ സാധ്യത അടഞ്ഞു. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ, എം.വി. ജയരാജൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പിന്നീട് സെക്രട്ടേറിയറ്റിലേക്ക് എത്തിയവരാണ്.
എന്നാൽ, കൂട്ടത്തിൽ പി. ജയരാജൻ മാത്രം അവഗണിക്കപ്പെട്ടു. പി. ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് പാർട്ടി അദ്ദേഹത്തെ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയാക്കിയത്. ആ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിയായത്. എന്നാൽ, അതേ സാഹചര്യത്തിൽ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ. വാസവൻ മത്സരിച്ചെങ്കിലും പാർട്ടി അതിനുശേഷം അദ്ദേഹത്തെ വീണ്ടും സെക്രട്ടറിയാക്കി. പക്ഷേ പി. ജയരാജന്റെ കാര്യത്തിൽ പാർട്ടി മറ്റൊരു നിലപാടാണ് സ്വീകരിച്ചത്.
നേരത്തെ വ്യക്തിപൂജാ വിവാദത്തിൽ കുടുങ്ങി എം.വി. ഗോവിന്ദനും പിണറായി വിജയനും അനഭിമതനായതാണ്, പാർട്ടിയുടെ ജനപ്രിയ നേതാവ് പി.ജെയുടെ രാഷ്ട്രീയവഴിയിൽ കരിനിഴൽ വീഴ്ത്തിയത്. പി.ജെ ആർമിയെന്ന സോഷ്യൽ മീഡിയ ഗ്രൂപ്പ് പലഘട്ടത്തിലും പാർട്ടി നിലപാടുകളെ വെല്ലുവിളിച്ച് രംഗത്തുവന്നതും തിരിച്ചടിയായി.