വന്യമൃഗ ആക്രമണം; നഷ്ടപരിഹാര ട്രൈബ്യൂണൽ പരിഗണനയിലെന്ന് മന്ത്രി ശശീന്ദ്രൻ
Tuesday, March 11, 2025 1:53 AM IST
തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളിലെ നഷ്ടപരിഹാരം സമയബന്ധിതമായി നൽകുന്നതിനു ട്രൈബ്യൂണൽ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
നഷ്ടപരിഹാരത്തുക ഉയർത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. കണ്ണൂരിലെ ആറളം ഫാമിലടക്കം കാട്ടാന ഉള്പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നതിനു സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കു നൽകിയിട്ടുണ്ട്.
ഇതിനു ചെലവു വരുന്ന തുക ഉയർത്തി കഴിഞ്ഞദിവസം വനം വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. വന്യജീവി ആക്രമണം നേരിടുന്നതിനു കേന്ദ്രം നൽകുന്ന തുക അപര്യാപ്തമാണ്. എന്നാൽ സാന്പത്തിക പ്രതിസന്ധിക്കിടെയും സംസ്ഥാന സർക്കാർ ഇതിനായി വിവിധ പദ്ധതികൾ വഴി തുക അനുവദിക്കുന്നുണ്ട്. കിട്ടാവുന്ന മേഖലയിൽ നിന്നെല്ലാം പണം സമാഹരിച്ചു പദ്ധതി നടപ്പാക്കും. കാട്ടാനകൾ നാട്ടിലിറങ്ങുന്നതു തടയാൻ ട്രെഞ്ച് നിർമിക്കുന്നതു ഫലപ്രദമല്ലെന്നു വിദഗ്ധർ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
എലപ്പുള്ളി ബ്രൂവറി: ജലം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ
എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്ന ഒയാസിസ് കന്പനിക്കു ജലം നൽകാൻ പാലക്കാട് ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ അനുമതി നൽകിയിട്ടില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ.
ഒയാസിസിനു പൊതുമേഖല എണ്ണക്കന്പനികളുടെ എഥനോൾ ഉത്പാദനവുമായി ബന്ധപ്പെട്ടു ക്ഷണിക്കുന്ന ദർഘാസിന്റെ ഭാഗമായ എക്സ്പ്രഷൻ ഒഫ് ഇന്ററസ്റ്റിൽ പങ്കെടുക്കുന്നതിനായി ജലലഭ്യത സംബന്ധിച്ച സാധ്യത കിൻഫ്രയ്ക്കുവേണ്ടി നിർമാണം പുരോഗമിച്ചുവരുന്ന വ്യാവസായിക ജലവിതരണ പദ്ധതിയിലൂടെ തേടാം എന്ന കത്താണു സൂപ്രണ്ടിംഗ് എൻജിനിയർ പാലക്കാട് ഓഫീസിൽനിന്നു നൽകിയതെന്ന് മന്ത്രി പറഞ്ഞു.
ഡാമുകളിൽനിന്നു മണ്ണും ചെളിയും നീക്കാൻ തീരുമാനിച്ചു
മലങ്കര, മീങ്കര, ചുള്ളിയാർ, വാളയാർ, മംഗലം, മലന്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, കുറ്റ്യാടി, കാരാപ്പുഴ, പഴശി, ചിമ്മിനി എന്നീ ഡാമുകളിൽ നിന്നു മണ്ണും ചെളിയും നീക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി റോഷി അഗസ്റ്റിൻ. തെന്മല, നെയ്യാർ ഡാമുകളിലെ സംഭരണശേഷി കുറഞ്ഞിട്ടുണ്ട്.
സംഭരണശേഷി കുറവുവന്ന ഡാമുകളിൽ എക്കലും ചെളിയും നീക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഇതിന്റെ കരട് പ്രൊപ്പോസൽ തയാറാക്കി. മണിയാറിൽ ചെളിയും മറ്റ് അവശിഷ്ടങ്ങളുമുണ്ടെന്നും മന്ത്രി പറഞ്ഞു.