മതാചാരപ്രകാരം സംസ്കാരം നടത്തണമെന്ന എം.എം. ലോറന്‍സിന്റെ ശബ്ദരേഖ പുറത്ത്
Tuesday, March 11, 2025 2:51 AM IST
കൊച്ചി: തനിക്കു സ്വര്‍ഗത്തില്‍ പോകണമെന്നും മകള്‍ പറയുന്ന സ്ഥലത്ത് അടക്കം ചെയ്യണമെന്നും പിതാവ് പറയുന്ന ശബ്ദരേഖയുമായി അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ പെണ്മക്കള് രംഗത്ത്.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ലോറന്‍സിന്റെ പെണ്മക്കളായ സുജാത ബോ ബനും ആശാ ലോറന്‍സും ശബ്ദരേഖ പുറത്തുവിട്ടത്. ഈ സാഹചര്യത്തില്‍ എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍നിന്ന് വിട്ടുനല്‍കണമെന്നും മതാചാരപ്രകാരം പള്ളിയില്‍ സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചതായും ഇരുവരും പറഞ്ഞു. ശബ്ദരേഖ തെളിവായി കണക്കാക്കണമെന്നു കാണിച്ചാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
""എനിക്ക് സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം, സുജ പറയുന്ന സ്ഥലത്ത് എന്നെ അടക്കം ചെയ്യണം, ഇതില്‍ ഒരു മാറ്റം വരുത്തരുത് ''എന്നാണ് പുറത്തുവിട്ട ശബ്ദരേഖയില്‍ പറയുന്നത്. ലോറന്‍സിന്റെ ശബ്ദം മാത്രം അടങ്ങുന്ന ഒരു വീഡിയോയാണ് ഇവര്‍ പുറത്തുവിട്ടത്. 2022 ഫെബ്രുവരി 25ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ മകള്‍ സുജാതയോടു പറഞ്ഞതാണെന്നാണ് ഇവരുടെ അവകാശവാദം.
ഇതേ ആവശ്യം ഉന്നയിച്ച് ഇവര്‍ മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനുശേഷം ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അനുകൂല വിധികള്‍ ലഭിച്ചിരുന്നില്ല. മെഡിക്കല്‍ കോളജില്‍ നടന്ന ഹിയറിംഗിലും തന്റെ അഭിപ്രായം പറഞ്ഞിരുന്നു. പക്ഷേ തെളിവില്ലാത്തതിനാല്‍ അവര്‍ സ്വീകരിച്ചില്ലെന്നും സുജാത പറഞ്ഞു.
പിതാവിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ നല്‍കണമെന്ന് മകന് എല്‍.എല്‍. സജീവന് ആവശ്യപ്പെടുകയും ഇതിനായി കോടതിയില്‍ രണ്ടു സാക്ഷികളെ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറാന്‍ കോടതി ഉത്തരവിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് എം.എം. ലോറന്‍സ് അന്തരിച്ചത്.