‘മുഖ്യമന്ത്രി ആരാകുമെന്ന് തർക്കിക്കില്ല’; ഘടകകക്ഷികൾക്ക് എഐസിസി ഉറപ്പ്
Tuesday, March 11, 2025 2:51 AM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങേണ്ട സമയത്ത് കോണ്ഗ്രസിലെ മുഖ്യമന്ത്രിസ്ഥാനാർഥിയെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിന് ഗുണകരമാകില്ലെന്ന് ഘടകകക്ഷി നേതാക്കൾ എഐസിസി നേതൃത്വത്തെ അറിയിച്ചു.
കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെച്ചൊല്ലി ഇനി ഒരു തർക്കവുമുണ്ടാകില്ലെന്നു ഘടകകക്ഷി നേതാക്കൾക്ക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഉറപ്പു നൽകി.
മുഖ്യമന്ത്രിസ്ഥാനാർഥിത്വത്തെച്ചൊല്ലി തർക്കമുണ്ടാകാൻ പാടില്ലെന്ന് കോണ്ഗ്രസ് ഹൈക്കമാൻഡ് കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് നിർദേശം നൽകിയ കാര്യവും ദീപാദാസ് മുൻഷി ഘടകകക്ഷി നേതാക്കളെ അറിയിച്ചു.
യുഡിഎഫ് ഘടകകക്ഷി നേതാക്കളെ ഓരോരുത്തരെയായി കണ്ട് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനുള്ള രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുന്നതിനിടെയായിരുന്നു ഉറപ്പ്. മുഖ്യമന്ത്രിസ്ഥാനാർഥിയെച്ചൊല്ലിയുള്ള തർക്കം മുന്നണിയുടെ അടിത്തറയെത്തന്നെ ബാധിച്ചെന്ന വിലയിരുത്തലും ചില ഘടകകക്ഷി നേതാക്കൾ പങ്കുവച്ചു.
യുഡിഎഫിലെ പ്രബല കക്ഷിയായ കോണ്ഗ്രസ് നേതാവിനെ പാർട്ടി നിശ്ചയിക്കണം. കോണ്ഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ മുൻപും അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ഘടകകക്ഷി നേതാക്കൾ പറഞ്ഞു. തങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നേതാവാണെങ്കിൽ യുഡിഎഫിന് ഒപ്പം നിൽക്കും.
അല്ലെങ്കിൽ മറ്റു വഴി നോക്കുമെന്നായിരുന്നു ഇതു സംബന്ധിച്ച ഒരു ഘടകക്ഷി നേതാവിന്റെ അഭിപ്രായം. നിയമസഭാ തെരഞ്ഞെടുപ്പിനു മുൻകൂട്ടി ഒരുങ്ങണമെന്നും സ്ഥാനാർഥിനിർണയം വേഗത്തിൽ വേണമെന്നുമുള്ള ആവശ്യവും ഘടകകക്ഷി നേതാക്കൾ ഉന്നയിച്ചു.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ആറു മാസം മുൻപുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിനിർണയം പൂർത്തിയാക്കണമെന്നു നിർദേശം ഘടകകക്ഷികൾ മുന്നോട്ടു വച്ചു. ഒറ്റക്കെട്ടായി മുന്നോട്ടു പോയാൽ മാത്രമേ യുഡിഎഫിനു ഭരണം പിടിച്ചെടുക്കാൻ കഴിയൂ.
മുന്നണിയുടെ അടിത്തറയും വിപുലീകരിക്കണം. കേരള കോണ്ഗ്രസ്- എമ്മിനെ യുഡിഎഫിലേക്ക് കൊണ്ടുവരുന്നതു ഗുണകരമാകുമോ എന്ന ചോദ്യത്തിന്, ഗുണമാകുമെന്ന അഭിപ്രായമാണ് ചില കക്ഷികൾ ഉയർത്തിയത്.
കേരള കോണ്ഗ്രസ്- എമ്മിനെ യുഡിഎഫിലേക്കു കൊണ്ടുവരുന്നതിനെ എതിർക്കില്ലെന്നു പറഞ്ഞ എൻസിപി നേതാവ് മാണി സി. കാപ്പൻ, എന്നാൽ,പാലാ സീറ്റ് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന അഭിപ്രായവും അറിയിച്ചു.
ഏറെ നാളുകൾക്കു ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്ഗ്രസ് നേതൃത്വം ഘടകകക്ഷി നേതാക്കളെ പ്രത്യേകമായി കണ്ട് അഭിപ്രായം സമാഹരിച്ചത്. മുസ്ലിം ലീഗ് നേതൃത്വം ഇന്നു ദീപാദാസ് മുൻഷിയുമായി ചർച്ച നടത്തും.