കശുവണ്ടി തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നല്കുന്നില്ല; ദീപിക വാർത്ത നിയമസഭയിൽ
Tuesday, March 11, 2025 1:53 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്തു നടക്കുന്പോൾ, മൂന്നു വർഷമായി ഇവിടത്തെ പരന്പരാഗത വ്യവസായമായ കശുവണ്ടി തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി വിതരണം ചെയ്യാത്തതായുള്ള ദീപിക വാർത്ത നിയമസഭയിൽ.
ക്ഷേമനിധി ബോർഡ് പെൻഷനുകൾ കുടിശികയായതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിനിടെയാണ് എം. വിൻസെന്റ് കശുവണ്ടി തൊഴിലാളികളുടെ ആനുകൂല്യം നൽകാത്ത സർക്കാർ നടപടിയെ വിമർശിച്ചത്.
കൊല്ലമല്ലേ സർ സ്ഥലം. കശുവണ്ടി തൊഴിലാളികളുടെ നാടല്ലേ. നിങ്ങൾ അവിടെയല്ലേ പാർട്ടി സംസ്ഥാന സമ്മേളനം നടത്തിയത്. നിങ്ങൾക്ക് മനഃസാക്ഷിക്കുത്തില്ലാതെ അവിടെ സമ്മേളനം നടത്താൻ കഴിഞ്ഞോ? സമ്മേളനത്തിൽ കശുവണ്ടി കൊറിക്കുന്പോഴേങ്കിലും കശുവണ്ടിത്തൊഴിലാളികളുടെ കാര്യം നിങ്ങൾ ഓർത്തോ. മൂന്നു വർഷമായി വിരമിച്ച കശുവണ്ടിത്തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശികയാണെന്ന് ഓർത്തിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നുവെന്നും വാർത്തയെ പരാമർശിച്ചു വിൻസന്റ് വിമർശനം ഉന്നയിച്ചു.
കൊല്ലത്തെ കശുവണ്ടി തൊഴിലാളികളുടെ കാര്യത്തിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നായിരുന്നു മറുപടി പറഞ്ഞ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രതികരണം. കശുവണ്ടി മേഖലയ്ക്ക് ആദ്യമായി പുനരുജ്ജീവന പാക്കേജ് നടപ്പാക്കിയ സർക്കാരാണിത്. സ്വകാര്യ മുതലാളിമാർക്ക് അടക്കം കശുവണ്ടി വ്യവസായം നടത്തിക്കൊണ്ടു പോകുന്നതിന് ചില പ്രശ്നങ്ങളുണ്ട്. ഇതിൽ നിന്നൊക്കെ കരകയറുമെന്നും മന്ത്രി പറഞ്ഞു.
കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിൽ 28 കോടി രൂപയുടെ ബാധ്യതയാണെന്നും 2025 വരെ ആയിരക്കണക്കിനു തൊഴിലാളികൾക്കു പണം നൽകാനുണ്ടെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡും അപകടത്തിലേക്കു നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.