ക്ഷേമനിധി ബോർഡ് ആനുകൂല്യ കുടിശിക: പ്രതിപക്ഷ വാക്കൗട്ട്
Tuesday, March 11, 2025 1:53 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോർഡുകളിൽ വിവാഹ-പ്രസവ ആനുകൂല്യങ്ങൾ 10 വർഷം വരെ കുടിശികയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയവയിൽ വർഷങ്ങളുടെ കുടിശികയുണ്ട്.
ചില ക്ഷേമനിധി ബോർഡുകളിൽ 17 മാസത്തെ പെൻഷൻ കുടിശികയുണ്ടെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ കോണ്‍ഗ്രസിലെ എം. വിൻസന്റ് ആരോപിച്ചു.
യുഡിഎഫ് വാദം ശരിയല്ലെന്നും ക്ഷേമനിധി ബോർഡുകളിൽ മൂന്നു മാസത്തെ പെൻഷൻ കുടിശിക മാത്രമാണ് നിലവിലുള്ളതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ കുടിശിക അടുത്ത വർഷം കൊടുത്തുതീർക്കുമെന്ന് അറിയിച്ചിട്ടുള്ളതാണെന്നും ധനമന്ത്രി അറിയിച്ചു.