ഒരു ബുൾഡോസർ അമ്മ!
Tuesday, March 11, 2025 1:53 AM IST
ഷിജി ജോൺസൺ
ബുൾഡോസർ മാതാപിതാക്കൾ എന്നു കേട്ടിട്ടുണ്ടോ? സ്വന്തം മക്കൾക്ക് ഏറ്റവും നല്ലത് ലഭിക്കാൻ, മുൻപിലുള്ള തടസങ്ങളെല്ലാം ബുൾഡോസർ കൊണ്ടെന്നതുപോലെ ഇടിച്ചു നിരത്തി വഴി സുഗമമാക്കുന്നവർ.
പ്രയോഗം ആധുനികമാണെങ്കിലും ആശയം പഴയതാണ്. അങ്ങനെയൊരമ്മയാണ്, പുതിയ നിയമത്തിൽ പരാമർശിക്കപ്പെടുന്ന സെബദിയുടെ ഭാര്യയും യാക്കോബ്-യോഹന്നാൻ എന്നീ ശിഷ്യരുടെ അമ്മയുമായ സലോമി. ഉത്തമയായൊരു ഭാര്യയും പുത്രവാത്സല്യമേറെയുള്ളൊരു അമ്മയുമായിരിക്കെത്തന്നെ ഉറച്ചബോധ്യങ്ങളുള്ള ക്രിസ്തുശിഷ്യയുമായിരുന്നു സലോമി.
താൻ നേരിടാൻ പോകുന്ന പീഡാനുഭവനാളുകൾക്കായി, യേശുക്രിസ്തു ശിഷ്യരെ ഒരുക്കുന്ന വേളയിൽ സലോമി തന്റെ രണ്ടു പുത്രന്മാരെയുംകൂട്ടി ഗുരുവിന്റെ മുന്നിൽ മുട്ടുകുത്തി നാടകീയമായി ആവശ്യപ്പെടുന്നു: “കർത്താവേ, നിന്റെ രാജ്യത്തിൽ എന്റെ മക്കളിൽ ഒരുവനെ നിന്റെ വലതുവശത്തും അപരനെ ഇടതുവശത്തും ഇരുത്തണം”.
സലോമിയുടെ അപ്രതീക്ഷിതമായ ഈ നീക്കത്തിലും വിചിത്രമായ ഈ ആവശ്യത്തിലും മറ്റുള്ളവർ അസ്വസ്ഥതപ്പെട്ടതിൽ അതിശയമില്ല.
പക്ഷേ ഈശോയാകട്ടെ, ഈ നീക്കത്തെ എല്ലാവർക്കും വലിയൊരു പാഠം പകർന്നുകൊടുക്കാനുള്ള അവസരമാക്കി മാറ്റി. തന്റെ രാജ്യം ഐഹികമല്ലെന്നും അവിടെ മുൻപന്മാരാകാനാഗ്രഹിക്കുന്നവർ പിൻപന്മാരാകണമെന്നും ദാസന്മാരാകണമെന്നുള്ള എളിമയുടെ മഹത്തായ പാഠം.
സലോമിയുടെ സമർപ്പണം
ഈ സാമർഥ്യക്കാരിക്കു ഗുരുവിന്റെ കൈയിൽനിന്നു കണക്കിനു കിട്ടിയല്ലോ, ഇനിയിവൾ ഒതുങ്ങിയിരുന്നോളും എന്നൊക്കെ ചുറ്റുമുള്ളവരിലാരെങ്കിലും കരുതിയെങ്കിൽ തെറ്റി. തനിക്കു കിട്ടിയ പുതിയ പാഠങ്ങളുടെ വെളിച്ചത്തിൽ സലോമി പൂർവാധികം തീക്ഷ്ണതയോടെ പുത്രന്മാരോടൊപ്പം ക്രിസ്തുവിനെ അനുഗമിക്കുന്നു.
ഗാഗുൽത്തായിൽ കുരിശിന്റെ ചുവട്ടിലും സലോമിയുണ്ട്. താൻ കരുതിയതുപോലെ പ്രതാപമുള്ള പദവിയൊന്നും തനിക്കോ മക്കൾക്കോ കിട്ടില്ലെന്നറിഞ്ഞിട്ടും അവർ സമർപ്പണത്തോടെ ഈശോയുടെ വഴികളിലുണ്ട്.
കുരിശിൽ കിടന്ന് ക്രിസ്തു സ്വന്തം അമ്മയെ, സലോമിയുടെ പുത്രനെ ഏൽപിക്കുന്പോഴും ക്രിസ്തുശിഷ്യനായതിന്റെ പേരിൽ ഭരണാധികാരികൾ അവളുടെ പ്രിയപുത്രനായ യാക്കോബിന്റെ ശിരസ് ഛേദിക്കുന്പോഴും സലോമി എന്ന അമ്മയ്ക്കു കരുത്തേകിയത് അവളുടെ വിശ്വാസതീക്ഷ്ണതയും പ്രത്യാശയുമാണ്.
സലോമി പഠിപ്പിക്കുന്നത്
സലോമി നമുക്കു പറഞ്ഞുതരുന്ന പാഠങ്ങളുണ്ട്. വേണ്ടത് കർത്താവിനോടു തുറന്നു ചോദിക്കുന്ന അമ്മമനസിന്റെ നിഷ്കളങ്കത. കർതൃവഴികളിൽ പീഡകളും പ്രയാസങ്ങളുമാണ് കാത്തിരിക്കുന്നതെന്നറിഞ്ഞിട്ടും ചാഞ്ചല്യമില്ലാതെ ആ വഴികളിലേക്കു മക്കളെയും തന്നെത്തന്നെയും വിട്ടുകൊടുക്കുന്ന സമർപ്പണം.
യഹൂദ പ്രമാണിമാരെ പേടിക്കാതെ കുരിശിൻചുവട്ടിലും സുഗന്ധദ്രവ്യങ്ങളുമായി നാഥന്റെ കല്ലറവാതിലിലും എത്തുന്ന ക്രിസ്തുശിഷ്യയുടെ പ്രത്യാശ. സലോമി ഒരു മാതൃകയാണ്. കുടൂതൽ പണത്തിനും ആർഭാടങ്ങൾക്കും അംഗീകാരങ്ങൾക്കുംവേണ്ടിയല്ല, നേരിന്റെയും നന്മയുടെയും കഠിനമായ കർതൃവഴികളിലേക്കാണ് മക്കളെ നാം വളർത്തേണ്ടതെന്ന തിരിച്ചറിവിന്റെ മാതൃക.!