പാലക്കാട് വിക്ടോറിയ കോളജ് മാഗസിന് പുരസ്കാരം
Tuesday, March 11, 2025 12:50 AM IST
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച കലാലയ മാഗസിനുകൾക്കുളള 2023-24ലെ കേരള മീഡിയ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പാലക്കാട് വിക്ടോറിയ കോളജിന്റെ ‘തുരുത്ത്’ എന്ന മാസികയ്ക്കാണ് ഒന്നാം സമ്മാനം. മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം.
രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം രണ്ട് കോളജുകൾ വീതം പങ്കിട്ടു. എറണാകുളം ഗവ. ലോ കോളജിന്റെ മാഗസിൻ ‘പറ്റലർ’, മലപ്പുറം കോട്ടയ്ക്കൽ വിപിഎസ്വി ആയുർവേദ കോളജിന്റെ മാഗസിൻ ‘ചെലപ്പധികാരം’ എന്നിവയ്ക്കാണ് രണ്ടാം സമ്മാനം. 15,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് നൽകുക.
കോഴിക്കോട് ജെഡിടി ഇസ്ലാം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ മാഗസിൻ ‘ഫുർഖത്’, തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിന്റെ മാഗസിൻ ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത്’ എന്നീ മാസികകൾക്കാണ് മൂന്നാം സമ്മാനം. 10,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം.