ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ സമഗ്ര അന്വേഷണം വേണം: കോട്ടയം അതിരൂപത സമിതികള്‍
Tuesday, March 11, 2025 1:53 AM IST
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച കോട്ടയം ക്നാനായ അതിരൂപതാംഗങ്ങളായ ഷൈനിയുടെയും അവരുടെ മക്കള്‍ അലീന, ഇവാന എന്നിവരുടെയും വേര്‍പാടില്‍ കോട്ടയം അതിരൂപതയിലെ ആലോചനാസമിതികളുടെയും സമുദായ സംഘടനകളുടെയും സംയുക്ത യോഗം അതീവ ദുഃഖം രേഖപ്പെടുത്തി.
കോട്ടയം അതിരൂപത വികാരി ജനറാളും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ഫാ. തോമസ് ആനിമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈദികസമിതി സെക്രട്ടറി, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് സംഘടനകളുടെ പ്രസിഡന്റുമാരും പങ്കെടുത്തു.
അതിരൂപത നേതൃത്വത്തെയും ക്നാനായ സമുദായത്തെയും കാരിത്താസ് ആശുപത്രിയെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും നടത്തുന്ന ആസൂത്രിത ശ്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു.
ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തി ഈ ദാരുണ ദുരന്തത്തിന് ഭര്‍തൃഗൃഹത്തിലെയോ ഷൈനിയുടെ സ്വന്തം ഭവനത്തിലെയോ അതല്ലാതെ മറ്റാരെങ്കിലുമോ ഉത്തരവാദികളായിട്ടുണ്ടെങ്കില്‍ അത്തരക്കാരെ മുഖം നോക്കാതെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി, ഡിജിപി, കോട്ടയം ജില്ലാ പോലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നൽകിയിട്ടുണ്ട്.
അന്വേഷണത്തില്‍ അതിരൂപതയുമായി ബന്ധപ്പെട്ട എല്ലാതലങ്ങളില്‍നിന്നും ആവശ്യമായ സഹകരണം നൽകുന്നതാണെന്നും അതിരൂപതാ നേതൃത്വം അറിയിച്ചു. ഭര്‍തൃഗൃഹത്തില്‍നിന്നും കുടുംബപ്രശ്നങ്ങളുടെ പേരില്‍ സ്വഭവനത്തിലേക്കു വന്ന ഷൈനിയുടെ പ്രത്യേക സാഹചര്യം മനസിലാക്കി കാരിത്താസ് പള്ളി വികാരി 2024 ജൂണ്‍ മാസത്തില്‍ ശിപാര്‍ശ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഷൈനിയുടെ പിതാവ് കാരിത്താസ് ആശുപത്രിയില്‍ വരികയും അഡ്മിനിസ്ട്രേഷനിലെ വൈദികനുമായി സംസാരിക്കുകയും ചെയ്തിരുന്നു.
10 വര്‍ഷത്തില്‍ അധികമായുള്ള പ്രഫഷണല്‍ ബ്രേക്ക് മൂലമുണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ നഴ്സിംഗ് ജോലി നൽകുന്നതിനു തടസമാണെന്ന് ഷൈനിയുടെ പിതാവിനെ ധരിപ്പിക്കുകയും മറ്റേതെങ്കിലും ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പിറ്റേദിവസം കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിസ്റ്റേഴ്സ് വീട്ടിലെത്തി ഷൈനിയെ കാണുകയും അസിസ്റ്റന്റ് നഴ്സിംഗ് ഓഫീസറെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതനുസരിച്ച് അസിസ്റ്റന്റ് നഴ്സിംഗ് ഓഫീസറെ വന്നു കണ്ട ഷൈനിയോട് കാരിത്താസ് ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരമുള്ളതിനാല്‍ നഴ്സിംഗ് ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതിനായി രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ബ്രേക്ക് ഉള്ളവരെ നേരിട്ട് ജോലിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന പൊതുനയം അറിയിക്കുകയും ചെയ്തു.
ഷൈനിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് നഴ്സിംഗ് കെയര്‍ അസിസ്റ്റന്റായി വേതനത്തോടെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്നും കുറച്ച് മാസങ്ങള്‍ക്കുശേഷം നഴ്സിംഗ് തസ്തികയില്‍ പ്രവേശിപ്പിക്കാമെന്നും അറിയിച്ചിരുന്നു.
വീട്ടില്‍ ചോദിച്ചശേഷം മറുപടി അറിയിക്കാമെന്നു പറഞ്ഞാണ് ഷൈനി മടങ്ങിയത്. പിന്നീട് ഇക്കാര്യത്തില്‍ യാതൊരു അറിവും ലഭിച്ചിട്ടില്ല.
പിന്നീട് കാരിത്താസ് ഇടവക പള്ളിയില്‍ അസിസ്റ്റന്റ് നഴ്സിംഗ് ഓഫീസര്‍ ഷൈനിയെ കണ്ടപ്പോള്‍ ജോലിക്ക് വരുന്നുണ്ടോ എന്ന് അന്വേഷിക്കുകയും തനിക്ക് വീടിനടുത്തുള്ള റോസാ മിസ്റ്റിക്ക എന്ന സ്ഥാപനത്തില്‍ നഴ്സിംഗ് കെയര്‍ ആയി ജോലി ലഭിച്ച കാര്യം ഷൈനി അറിയിക്കുകയും ചെയ്തു.
ഷൈനിയുടെയും മക്കളുടെയും മരണത്തിനുശേഷം ചുങ്കം ഇടവക പള്ളി വികാരിയും കാരിത്താസ് ഇടവക പള്ളി വികാരിയും കാരിത്താസ് ഇടവകയില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ നടത്തുന്ന കാര്യത്തില്‍ ധാരണയായിരുന്നു.
കാരിത്താസ് ഇടവകയില്‍ മൃതസംസ്കാരത്തിനുവേണ്ട സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ചുങ്കം പള്ളി വികാരിയുടെ അടുക്കല്‍ ഷൈനിയുടെ മകന് എഡ്വിനും നോബിയുടെ സഹോദരന് സിബിയും മറ്റു കുടുംബാംഗങ്ങളും വരികയും തങ്ങള്‍ക്ക് കുടുംബക്കല്ലറയുള്ളതിനാല്‍ മൃതസംസ്കാര ശുശ്രൂഷ ചുങ്കം ഇടവകയില്‍ നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
അക്കാര്യം രണ്ടു കുടുംബാംഗങ്ങളും തമ്മില്‍ സംസാരിച്ച് തീരുമാനത്തിലെത്തിയശേഷം അറിയിക്കുകയാണ് വേണ്ടതെന്ന് വികാരിയച്ചന് നിര്‍ദേശിച്ചു. രണ്ട് കുടുംബാംഗങ്ങളും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനപ്രകാരമാണ് മൃതസംസ്കാര ശുശ്രൂഷകള്‍ ചുങ്കം ഇടവകയില്‍ നടത്തിയത്.
രണ്ട് ഇടവകയിലെ വികാരിമാരും കുടുംബാംഗങ്ങള്‍ നിര്‍ദേശിക്കുന്ന ഇടവകയില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ നടത്താന്‍ തയാറായിരുന്നെങ്കിലും, കുടുംബാംഗങ്ങളാണ് ഇക്കാര്യത്തിഅന്തിമ തീരുമാനമെടുത്തത്.
യാഥാര്‍ഥ്യം ഇതായിരിക്കെ കോട്ടയം അതിരൂപത നേതൃത്വത്തിനും ക്നാനായ സമുദായത്തിനും കാരിത്താസ് ആശുപത്രിക്കും ആശുപത്രി അധികൃതര്‍ക്കും എതിരേ നടത്തുന്ന വ്യക്തിഹത്യയും തെറ്റായ പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വികാരി ജനറാളും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ഫാ. തോമസ് ആനിമൂട്ടില്‍, വൈദിക കൗണ്‍സില്‍ സെക്രട്ടറി ഫാ. ഏബ്രഹാം പറമ്പേട്ട്, കെസിസി പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയില്‍, കെസിഡബ്ല്യൂഎ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെസിവൈഎല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ എന്നിവരാണു പ്രസ്താവന നടത്തിയിരിക്കുന്നത്.