ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ നിയമ ഭേദഗതി ഉടനെന്ന് മന്ത്രിമാർ
Tuesday, March 11, 2025 2:51 AM IST
തിരുവനന്തപുരം: നട്ടുവളർത്തിയതോ സ്വയം കിളിർത്തുവന്നതോ ആയ ചന്ദനം ഒഴികെയുള്ള മരങ്ങൾ പട്ടയ ഉടമകൾക്കു മുറിക്കാൻ കഴിയുന്ന തരത്തിലുള്ള നിയമ ഭേദഗതി വേഗത്തിൽ പ്രാബല്യത്തിൽ വരുത്തുമെന്നു വനം- റവന്യു മന്ത്രിമാർ നിയമസഭയിൽ അറിയിച്ചു. നേരത്തേ മരങ്ങൾ മുറിച്ചുനീക്കിയതു വിവാദമായ സാഹചര്യത്തിൽ ഇതു സംബന്ധിച്ച ഉത്തരവ് പിൻവലിച്ചിരുന്നു.
പട്ടയഭൂമിയിൽ സ്വയം കിളിർത്തുവന്നതോ നട്ടുപിടിപ്പിച്ചതോ ആയ മരങ്ങൾ മുറിച്ചു നീക്കാൻ അനുമതി നൽകിയുള്ള ഉത്തരവ് ദുരുപയോഗം ചെയ്ത സാഹചര്യത്തിലാണ് റദ്ദാക്കിയതെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
ഇതു പുനഃസ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി അടക്കം ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ദുരുപയോഗം തടഞ്ഞ് നിയമ ഭേദഗതി കൊണ്ടുവരുന്ന കാര്യം നിയമവകുപ്പുമായി ചർച്ച നടത്തിവരികയാണെന്നും വനംമന്ത്രി അറിയിച്ചു.
പട്ടയഭൂമിയിൽ സ്വയം കിളിർത്തുവന്നതോ നട്ടുപിടിപ്പിച്ചതോ ആയ മരങ്ങളുടെ ഉടമസ്ഥാവകാശം കർഷകർക്കാണെന്നും ഇതു സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നു പ്രമോദ് നാരായണന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി റവന്യു മന്ത്രി കെ. രാജനും അറിയിച്ചു.