മുഖ്യമന്ത്രിയുടെ നയരേഖയിൽ പാർട്ടിക്ക് ആശങ്ക
Sunday, March 9, 2025 1:58 AM IST
റെനീഷ് മാത്യു
കണ്ണൂർ: സിപിഎം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച " നവകേരളത്തെ നയിക്കാൻ പുതുവഴികൾ’എന്ന വികസനരേഖയെക്കുറിച്ച് ചർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിനിധികൾ.
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യേക വിഭാഗങ്ങളിലാക്കി ഫീസ് ചുമത്തുക, വർധന വരുത്താത്ത മേഖലകളിൽ ഫീസോ നികുതിയോ വർധിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിട്ടുനല്‍കുക, ആനുകൂല്യങ്ങൾ എല്ലാവർക്കും നല്‍കേണ്ടതുണ്ടോ തുടങ്ങിയ നിർദേശങ്ങളിലാണ് ആശങ്ക പ്രകടിപ്പിച്ചത്.
പ്രത്യയശാസ്ത്രപരമായ വൈരുധ്യങ്ങൾ, പാർട്ടി ഭരണഘടനയുടെയും പാർട്ടി പരിപാടിയുടെയും വ്യതിയാനം എന്നിവയും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അടിസ്ഥാനവിഭാഗങ്ങൾക്ക് എന്തു മുൻഗണനയാണ് വികസനരേഖയിൽ ഉള്ളതെന്നും അടിസ്ഥാനവർഗത്തെ ഉൾക്കൊണ്ടാകണം വികസനനയങ്ങൾക്ക് മുൻഗണന നല്‍കേണ്ടതെന്നും പ്രതിനിധികൾ ഓർമിപ്പിച്ചു.
27 പേരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇതിൽ ഭൂരിഭാഗം പേരും ആശങ്ക പ്രകടിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. വികസനരേഖ സംബ ന്ധിച്ച് മുഖ്യമന്ത്രി ഇന്ന് മറുപടി നല്‍കും.
നവകേരളരേഖ ജനവിരുദ്ധമാകരുതെന്നും അടിസ്ഥാനവിഭാഗങ്ങളെ മറക്കരുതെന്നും പ്രതിനിധികൾ ഓർമിപ്പിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര അവഗണനയെ നേരിടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ
" നവകേരളത്തെ നയിക്കാൻ പുതുവഴികൾ'എന്ന വികസനരേഖ അവതരിപ്പിച്ചത്. ഇവ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് ആത്മവിശ്വാസം. പുതുവഴികൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ സർക്കാരും പാർട്ടി പ്രവർത്തകരും ശ്രമിക്കും.
കൂട്ടിച്ചേർക്കേണ്ട നിർദേശങ്ങൾ സ്വീകരിക്കും. നയരേഖയിൽ പറയുന്ന യൂസർ ഫീ ഏതൊക്കെ മേഖലയിലെന്ന് തീരുമാനിച്ചിട്ടില്ല. നയരേഖ എൽഡിഎഫിൽ ചർച്ച ചെയ്തതിനുശേഷം മാത്രമേ നടപ്പിലാക്കൂ.