പാർട്ടിയെന്നാൽ പിണറായി മാത്രം
റെനീഷ് മാത്യു
Monday, March 10, 2025 3:17 AM IST
കൊല്ലം: ബ്രാഞ്ച്തലം മുതൽ ജില്ലാതലംവരെയുള്ള സിപിഎം സമ്മേളനങ്ങളിൽ ഭരണത്തിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും രൂക്ഷവിമർശനങ്ങൾ ഉയർന്നപ്പോൾ സംസ്ഥാനസമ്മേളനത്തിൽ മുഖ്യമന്ത്രിക്കും ഭരണത്തിനും വാഴ്ത്തുപാട്ടുകൾ മാത്രം. വാദങ്ങളും വിവാദങ്ങളുമുണ്ടാകാതെ ആരെയും ഇഴകീറി പരിശോധിക്കാതെയാണ് സിപിഎം സമ്മേളനം സമാപിച്ചത്. \
ബ്രാഞ്ച് സമ്മേളനം മുതൽ ജില്ലാ സമ്മേളനങ്ങൾവരെ രൂക്ഷവിമർശനങ്ങളായിരുന്നു പാർട്ടിക്കും സർക്കാരിനുമെതിരേ ഉയർന്നത്. കൊല്ലം സമ്മേളനത്തിൽ ഇതെല്ലാം വലിയ സ്ഫോടനങ്ങളാവുമെന്നായിരുന്നു പൊതു വിലയിരുത്തൽ. എന്നാൽ, ജില്ലാസമ്മേളനങ്ങളുടെ നേതൃത്വമേറ്റെടുത്തതുപോലെ സംസ്ഥാന സമ്മേളനത്തിലും പിണറായിയായിരുന്നു നാഥൻ. അതോടെ പാർട്ടി സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടുപോലും അപ്രസക്തമായി. എല്ലാം മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി അവതരിപ്പിച്ച നവകേരളത്തിന്റെ പുതുവഴിയിലൂടെ നീങ്ങി. മൂന്നാം സർക്കാരുണ്ടാവുമെങ്കിൽ നായകൻ പിണറായിയാണെന്ന സന്ദേശംകൂടി വന്നതോടെ പലരും വിമർശനങ്ങളെല്ലാം പാതിയിൽ വിഴുങ്ങി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉയർന്ന വിമർശനങ്ങൾപോലും ചർച്ചയായില്ല. മുഖ്യന് അടിമുടി പ്രശംസ.
പതിറ്റാണ്ടുകളായി തുടരുന്ന സംഘടനാ ശൈലികളാകെ പൊളിച്ചെഴുതിയായിരുന്നു സംസ്ഥാനസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധികാരപ്രഖ്യാപനം. പാര്‍ട്ടിയെന്നാൽ പിണറായി എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിനു പോലുമില്ല എതിരഭിപ്രായം.
തൊഴിലാളി പാര്‍ട്ടിയെന്ന അടിസ്ഥാനസ്വഭാവത്തിൽനിന്ന നവ ഉദാരവത്കരണ നയങ്ങളിലേക്കുള്ള സിപിഎമ്മിന്റെ കൂടുമാറ്റത്തിനും കൊല്ലം സമ്മേളനത്തിൽ പിണറായി വിജയൻ പുതുവഴികളിലൂടെ അസ്തിവാരമിട്ടു. നയസമീപനങ്ങളിൽ അണുവിട വ്യതിചലിക്കാത്ത പാര്‍ട്ടിയെ കൊല്ലം സമ്മേളനത്തിൽ നവകേരള പുതുവഴി നയരേഖയിൽ തളച്ചിട്ടു.
റോഡിലെ ടോളിനെ രാജ്യമാകെ എതിർത്ത പാർട്ടി ഇപ്പോൾ ടോൾ മാത്രമല്ല സർക്കാർ നൽകുന്ന സേവനങ്ങൾക്കെല്ലാം സെസ് ഏർപ്പെടുത്തുന്നതിനും സമ്മേളനത്തിൽ തുടക്കംകുറിച്ചു. നവകേരളത്തിന്റെ വഴി പിണറായി അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിൽ കേന്ദ്രത്തെ പഴിക്കുന്ന പ്രമേയം കൊല്ലത്ത് അവതരിപ്പിച്ചതും ശ്രദ്ധേയമായി. കേന്ദ്രസർക്കാരിന്റെ ആഴക്കടൽ മണൽ ഖനനത്തിനെതിരേ പ്രമേയം അവതരിപ്പിച്ച സമ്മേളനത്തിൽ കരിമണൽ വിറ്റ് കാശാക്കാമെന്ന നയവും പാസാക്കി.
പൊതുമേഖലയിൽ പങ്കാളിത്തമാതൃകയിൽ സ്വകാര്യനിക്ഷേപം ആകാമെന്ന നയരേഖയിലെ ഉള്ളടക്കം മുതിര്‍ന്ന നേതാക്കൾവരെ അറിഞ്ഞില്ല. സമ്മേളനത്തിന് മുൻപുള്ള ഇവരുടെ പ്രതികരണം ഇതു വ്യക്തമാക്കുന്നതായിരുന്നു. സമ്മേളന അജണ്ട തീരുമാനിച്ച സംസ്ഥാനസമിതിയെപോലും ഇരുട്ടിൽ നിർത്തിയായിരുന്നു പിണറായി വിജയന്റെ പുതുവഴിവെട്ടൽ.
ഇടതുപക്ഷ നയങ്ങളെ കാറ്റിൽ പറത്തിയിട്ടും പിണറായി വിജയന്റെ നയരേഖയെ പാര്‍ട്ടി സെക്രട്ടറി വിശേഷിപ്പിച്ചത് കേരള കുതിപ്പിന്റെ മാനിഫെസ്റ്റോ എന്നാണ്. വരുന്ന മേയിൽ 80 വയസ് തികയും പിണറായി വിജയന്. പാർട്ടി നിശ്ചയിച്ച പ്രായപരിധി പിന്നിട്ടിട്ട് അഞ്ചുവര്‍ഷമായി. തുടര്‍ഭരണം മുതൽ കൊല്ലം സമ്മേളനത്തിന്റെവരെ സാഹചര്യമെടുത്താൽ പാര്‍ട്ടി കമ്മിറ്റിയിലെ ഒന്നാംപേര് പിണറായിയുടേതാണ്. പതിനഞ്ചുമാസത്തിനപ്പുറം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും തത്കാലം മറ്റൊരു നായകൻ പാര്‍ട്ടിക്കു മുന്നിലില്ല. മത്സരിച്ചില്ലെങ്കിലും അധികാരം കിട്ടിയാൽ മുഖ്യമന്ത്രിയാകും.
1998 ൽ പാർട്ടി സെക്രട്ടറി ആയതു മുതൽ പാർട്ടിയുടെ സമഗ്രനിയന്ത്രണം പിണറായി വിജയനായിരുന്നു. നാലു സമ്മേളനങ്ങളിൽ തുടര്‍ച്ചയായി സെക്രട്ടറി. പതിറ്റാണ്ട് അടുപ്പിച്ച് മുഖ്യമന്ത്രിയായിട്ടും പാർട്ടിയിലെ പിടിവിട്ടില്ല. വിശ്വസ്തനായ കോടിയേരി ബാലകൃഷ്ണനും പിന്നീട് എം.വി. ഗോവിന്ദനും പാര്‍ട്ടിയുടെ അമരത്ത്. വീണ്ടും എം.വി. ഗോവിന്ദൻ തന്നെയാണ് സംസ്ഥാന സെക്രട്ടറി.