സര്‍ക്കാരുകള്‍ തൊഴിലാളികളുടെ സംരക്ഷകരാകണം: ബിഷപ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍
Monday, February 17, 2025 12:17 AM IST
കൊച്ചി: തൊഴിലാളി സംരക്ഷണമായിരിക്കണം സര്‍ക്കാരുകളുടെ പ്രഥമ ഉത്തരവാദിത്വമെന്ന് കെസിബിസി ലേബര്‍ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍. പിഒസിയില്‍ നടന്ന കേരള ലേബര്‍ മൂവ്മെന്റ് വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
അസംഘടിത തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണ്ടില്ലെന്നുനടിച്ച് ഏറെ മുന്നോട്ടുപോകാനാകില്ല. ക്ഷേമനിധി ബോര്‍ഡുകള്‍ വഴി നൽകേണ്ട ആനുകൂല്യങ്ങള്‍പ്പോലും കുടിശികയാക്കുന്നത് സാമൂഹിക പാപമാണെന്ന് അധികാരികള്‍ മനസിലാക്കണം. കക്ഷിരാഷ്ട്രീയ മൂടുപടം കൊണ്ട് ട്രേഡ് യൂണിയനുകള്‍ മൂടപ്പെടരുതെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് അധ്യക്ഷനായിരുന്നു. ലേബര്‍ കമ്മീഷന് സെക്രട്ടറി ഫാ. പ്രസാദ് കണ്ടത്തിപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോസ് മാത്യു, കെസിബിസി ജോയിന്റ് സെക്രട്ടറി ഫാ.തോമസ് തറയില്‍, നിയുക്ത ഡയറക്ടര്‍ ഫാ. അരുണ്‍ വലിയ താഴത്ത്, ഡിക്സണ്‍ മനീക് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ജോസഫ് ജൂഡ്, ജോയി ഗോതുരുത്ത്, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
കേരളത്തിലെ എല്ലാ രൂപതകളിലെയും ഭാരവാഹികള്‍ പങ്കെടുത്ത ജനറല്‍ ബോഡിയില്‍ 2025-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി ജോസ് മാതു ഊക്കനും ജനറല്‍ സെക്രട്ടറിയായി ഡിക്സണ്‍ മനിക്കും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. തോമസ് മാത്യു-ട്രഷറര്‍), സി. ഷൈന്‍, ബിജു പോള്‍-വൈസ് പ്രസിഡന്റുമാര്‍ എന്നിവരാണ് മറ്റു ഭാരവാഹികൾ.