എൻസിഇആർടി നടപടി അംഗീകരിക്കുന്നില്ല: മന്ത്രി വി. ശിവൻകുട്ടി
Wednesday, June 19, 2024 1:31 AM IST
തിരുവനന്തപുരം: ബാബറി മസ്ജിദും അയോധ്യ വിഷയവും ഉൾപ്പെടുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തിയ എൻസിഇആർടി നടപടി കേരളം അംഗീകരിക്കുന്നില്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയശാസ്ത്ര നിലപാടുകളോ ആശയപ്രചാരണങ്ങളോ അല്ല പാഠപുസ്തകങ്ങൾ ഉൾക്കൊള്ളേണ്ടത്. യഥാർഥ ചരിത്രവും ശാസ്ത്രവുമാണു പഠിപ്പിക്കേണ്ടത്.
കേരളത്തിന്റെ സാംസ്കാരിക പാരന്പര്യം, മതനിരപേക്ഷ സമീപനം, പുരോഗമന ചിന്താഗതി എന്നിവയ്ക്ക് അനുസൃതമായി വിദ്യാഭ്യാസം രൂപപ്പെടുത്തേണ്ടതിന്റെ അടിസ്ഥാനത്തിൽ എൻസിഇആർടി ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തി കേരളം സമാന്തര പാഠപുസ്തകങ്ങൾ തയാറാക്കി.
ഈ പാഠപുസ്തകങ്ങൾ രാജ്യത്തിന്റെയും കേരളത്തിന്റെയും സാമൂഹിക-സാംസ്കാരിക സവിശേഷതകളെ ഉൾക്കൊള്ളുന്നതും ഭരണഘടനാ മൂല്യങ്ങളോടു കൂറുപുലർത്തുന്നതുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.