കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
Tuesday, May 14, 2024 2:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മൂലം ഏറ്റവും രൂക്ഷമായ കൃഷിനാശം സംഭവിച്ചത് ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ.
കൃഷിവകുപ്പ് ശേഖരിച്ച കണക്കനുസരിച്ച് സംസ്ഥാനത്ത് ഈ വേനലിൽ ഏറ്റവുമധികം വിളനാശം സംഭവിച്ചത് ഇടുക്കി ജില്ലയിലെ ഏലക്കൃഷിക്കാണ്. ഫെബ്രുവരി രണ്ടു മുതൽ മേയ് 11 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെ കൃഷിനാശമുണ്ടായത് 19,221.84 ഹെക്ടർ സ്ഥലത്താണ്. ഇതിൽ 10,584 ഹെക്ടർ സ്ഥലത്തെ ഏലക്കൃഷിയാണ് പൂർണമായും നശിച്ചത്.
നിലവിൽ വിളവെടുത്തുകൊണ്ടിരുന്ന ഏലത്തിനാണ് വേനലിൽ വൻ നാശം സംഭവിച്ചത്. ഇതിൽ 90 ശതമാനവും ഇടുക്കി ജില്ലയിലെ മലയോരപ്രദേശത്താണ്. സംസ്ഥാനത്ത് വിവിധ കൃഷികളിൽ ആകെ കൃഷിനാശം സംഭവിച്ചതിൽ 11,428.56 ഹെക്ടറും ഇടുക്കിയിലാണ്.
ഏലം കൂടാതെ കുരുമുളക്, കാപ്പി, വാഴ ഉൾപ്പെടെയുള്ള കൃഷികൾക്ക് ഇടുക്കിയിൽ വേനലിൽ നാശമുണ്ടായി. 130 കോടിയുടെ കൃഷിനാശമാണ് ഇടുക്കിയിൽ മാത്രമുണ്ടായത്.
സംസ്ഥാനത്ത് ഏലത്തിനു പിന്നാലെ കൂടുതൽ നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. 2,552 ഹെക്ടർ സ്ഥലത്തെ 7,72,277 കുലച്ച ഏത്തവാഴകൾക്കാണ് നാശമുണ്ടായത്. 292 ഹെക്ടർ സ്ഥലത്തെ 3,62,858 വാഴത്തൈകളും കരിഞ്ഞുണങ്ങി. 2,184 ഹെക്ടർ നെൽക്കൃഷിയും വേനലിൽ നശിച്ചു.
ഇടുക്കിക്കു പിന്നാലെ കാസർഗോഡ് 2,308.49 ഹെക്ടറിലെയും പാലക്കാട്ട് 1,808.85 ഹെക്ടറിലെയും ആലപ്പുഴയിൽ 1,137 ഹെക്ടറിലെയും കൃഷിക്കാണ് നാശം സംഭവിച്ചത്.
സംസ്ഥാനത്തെ വേനൽ മൂലമുള്ള കൃഷിനാശം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് തയാറാക്കാൻ കൃഷിവകുപ്പ് വിദഗ്ധസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ കൂടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വരൾച്ചയിൽ നാശമുണ്ടായതിൽ തുടർനടപടി സർക്കാർ സ്വീകരിക്കുക.