യുവതിക്കു മരുന്നു നല്‍കിയത് 61കാരിയുടെ എക്സ്റേ പരിശോധിച്ച്!; കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരേ പരാതി
Sunday, December 15, 2024 1:35 AM IST
കളമശേരി: എക്സ്റേ റിപ്പോര്‍ട്ട് മാറിപ്പോയതിനെത്തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ യുവതിക്ക് മരുന്നു മാറി നല്‍കിയതായി പരാതി.
34 കാരിയായ കളമശേരി സ്വദേശിനി അനാമികയ്ക്കാണ് 61കാരിയുടെ എക്സ്റേ റിപ്പോര്‍ട്ട് പരിശോധിച്ച് മരുന്നു നല്‍കിയത്. സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍ക്കും എക്സ്റേ വിഭാഗത്തിനുമെതിരേ യുവതി ആശുപത്രി സൂപ്രണ്ടിനും പോലീസിനും പരാതി നല്കി. 61 കാരിയായ ലതികയുടെ എക്സ്റേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തനിക്കു മരുന്നു നല്‍കിയതെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
നടുവേദനയും കാലുവേദനയുമായാണ് യുവതി ആശുപത്രിയില്‍ എത്തിയത്. എക്സ്റേ റിപ്പോര്‍ട്ടില്‍ പ്രായാധിക്യം മൂലമുള്ള തേയ്മാനമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി യുവതി വ്യക്തമാക്കി.
വീട്ടില്‍ ചെന്ന് എക്സ്റേ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണു തന്റെ എക്സ്റേ റിപ്പോര്‍ട്ട് അല്ലെന്നു മനസിലായതെന്നും യുവതി പറയുന്നു. എക്സ്റേയില്‍ പേര് കാണിച്ചിരിക്കുന്നത് ലതികയെന്നും പുറത്തെ കവറില്‍ അനാമിക എന്നുമാണെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍ തിരക്കിനിടയില്‍ എക്സ്റേ റിപ്പോര്‍ട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായും യുവതിയുടെ പരാതിയിലുണ്ട്. രണ്ടാഴ്ച ബെഡ് റെസ്റ്റ് വേണമെന്നു ഡോക്ടര്‍ പറഞ്ഞെന്നും മൂന്ന് മരുന്നുകളാണു നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചെന്നും വിശദമായി അന്വേഷിക്കുമെന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി.