അറ്റസ്റ്റേഷൻ നടപടിക്ക് ഓഫീസുകൾ സഹകരിക്കുന്നില്ലെന്ന് ഇന്റലിജൻസ്
Saturday, December 14, 2024 2:17 AM IST
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുള്ള വിവിധ സർട്ടിഫിക്കറ്റുകളും രേഖകളും സാക്ഷ്യപ്പെടുത്തി നൽകുന്നതിനുള്ള ആഭ്യന്തര അറ്റസ്റ്റേഷൻ നടപടിയുമായി സർക്കാർ ഓഫീസുകളും സർവകലാശാലകളും സഹകരിക്കുന്നില്ലെന്ന് ഇന്റലിജൻസ് മേധാവി. വിവരങ്ങൾ ശേഖരിക്കാൻ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഓഫീസുകളിൽ എത്തുന്ന അന്നു തന്നെ ബന്ധപ്പെട്ടവ രേഖാമൂലം നൽകണമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
ബന്ധപ്പെട്ട രേഖകൾ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്കു നൽകുന്നതിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരേ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാനും ആലോചനയുണ്ട്. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നേരിട്ട് ഓഫീസുകളിലെത്തി സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും ആധികാരികത പരിശോധിക്കാൻ ആവശ്യപ്പെടുന്പോൾ സമയബന്ധിതമായി അതേദിവസം തന്നെ നൽകാൻ വകുപ്പു തലവൻമാരും ഓഫീസ് മേധാവികളും നടപടി സ്വീകരിക്കണമെന്നും നിർദേശത്തിലുണ്ട്.
വിദേശ ജോലിയുടെയും പഠനത്തിന്റെയും ആവശ്യാർഥം ജനങ്ങൾ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തി റിപ്പോർട്ട് നൽകേണ്ട ചുമതല എഡിജിപിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിനാണ്.
ഇത്തരത്തിലുള്ള രേഖകളുടെ ആധികാരിക പരിശോധിക്കാനുള്ള വിവരങ്ങൾ ശേഖരിക്കാൻ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട സർക്കാർ ഓഫീസുകളിലും സർവകലാശാലകളിലും പോയി ആവശ്യപ്പെടുന്പോൾ ചില ഓഫീസുകളിൽനിന്നു വിവരങ്ങൾ രേഖാമൂലം നൽകാൻ വിമുഖത കാണിക്കുന്നതായും ചില വിവരങ്ങൾ വാക്കാൽ മാത്രം പറഞ്ഞുകൊടുക്കുന്നതായും ഇന്റലിൻജൻസ് മേധാവി ഓഗസ്റ്റ് 13നു സർക്കാരിനെ അറിയിച്ചിരുന്നു.
ഇതിനാൽ രേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കാൻ സെപ്ഷൽ ബ്രാഞ്ചിന് ബുദ്ധിമുട്ടുണ്ടാകുന്നു. ഇതുമൂലം സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം നേരിടുന്നതായും ഇന്റലിജൻസ് മേധാവി സർക്കാരിനെ അറിയിച്ചു.
അറ്റസ്റ്റേഷൻ സേവനങ്ങൾ സേവനാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെട്ടതിനാൽ സമയബന്ധിതമായി സേവനം ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ, ഇതിനാണു പ്രധാനമായി തടസം നേരിടുന്നത്. സർവകലാശാലകളാണ് ഇക്കാര്യത്തിൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കർശന നിർദേശം പുറപ്പെടുവിച്ചത്.
നിർദേശത്തിന്റെ പകർപ്പ് എല്ലാ അഡീഷണൽ, പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും ജില്ലാ കളക്ടർമാർക്കും വകുപ്പു മേധാവികൾക്കും കൈമാറി.