കണ്ണൂർ സർവകലാശാല സാഹിത്യോത്സവം: ന്യൂസ് ക്ലിക്ക് എഡിറ്റർ മുഖ്യാതിഥി;
വിശദീകരണം തേടി വിസി
Monday, December 16, 2024 5:54 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല സാഹിത്യോത്സവത്തിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ മുഖ്യാതിഥിയാക്കിയതിൽ വാക്കാൽ വിശദീകരണം തേടി വൈസ് ചാൻസലർ.
സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായാണു പ്രബീർ പുരകായസ്ത എത്തിയത്. ഇതേ ത്തുടർന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. കെ.കെ.സാജു പരിപാടിയിൽനിന്നു വിട്ടു നിന്നിരുന്നു.
കണ്ണൂർ സർവകലാശാല യൂണിയന്റെ നേതൃത്തിലാണു മൂന്നു ദിവസം നീണ്ടുനിന്ന സാഹിത്യോത്സവം സംഘടിപ്പിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി സിനിമാതാരം നിഖിലാ വിമൽ എത്തുമെന്നായിരുന്നു അറിയിപ്പ്. ബുധനാഴ്ച പതിനൊന്നോടെയാണു മാറ്റം വിസി അറിഞ്ഞത്.
ഇതോടെ വിസി പരിപാടിയിൽനിന്നു വിട്ടുനിന്നു. പ്രബീർ പുരകായസ്ത എങ്ങനെ അവസാന നിമിഷം അതിഥിയായി എത്തി എന്നതിൽ വിദ്യാർഥി ക്ഷേമകാര്യ ഡയറക്ടറോടു വിസി വിശദീകരണം തേടിയതായാണ് അറിയുന്നത്.
ഡൽഹി പോലീസ് പുരകായസ്തയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. എങ്കിലും യുഎപിഎ ചുമത്തപ്പെട്ട ഒരാൾ പെട്ടെന്ന് പരിപാടിയിലെത്തിയത് വിവാദത്തിന് വഴിവയ്ക്കും എന്നതുകൂടി മനസിലാക്കിയാണു വിശദീകരണം ചോദിച്ചതെന്നാണു സൂചന.