ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കെഎല്‍സിഎ
സ്വന്തം ലേഖകന്‍
Monday, December 16, 2024 5:53 AM IST
തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് ഏപ്രില്‍ മാസത്തിനുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നു കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്.
ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച സമ്പൂര്‍ണ നേതൃസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകള്‍ മുഴുവനായി പിന്‍വലിക്കണം. മുനമ്പം വഖഫ് വിഷയത്തില്‍ തര്‍ക്ക ഭൂമി വഖഫ് അല്ല എന്നു പ്രഖ്യാപിക്കാനും വഖഫ് രജിസ്റ്ററില്‍ നിന്നു നീക്കം ചെയ്യാനും അധികാരികള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സമ്പൂര്‍ണ നേതൃസമ്മേളനത്തില്‍ വിഷയാവതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്പൂര്‍ണ നേതൃസമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണം ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ചു. നൂറുകണക്കിനു പ്രതിനിധികള്‍ പതാക പ്രയാണത്തില്‍ പങ്കെടുത്തു.