ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടി; ഡിജിപിക്ക് പരാതി നൽകി
Sunday, December 15, 2024 1:35 AM IST
തിരുവനന്തപുരം: ക്രിസ്മസ്-അര്‍ധവാര്‍ഷിക പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായി സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി.
രണ്ടു ചോദ്യപേപ്പറുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രചരിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡിജിപിക്കു പരാതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
ചോദ്യപേപ്പര്‍ പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരേ കര്‍ശന നടപടി സ്വീകരിക്കും. ചോദ്യപേപ്പര്‍ അച്ചടിക്കുന്നത് സംസ്ഥാനത്തിനു പുറത്തുനിന്നാണ്. ഗുരുതര വീഴ്ചയാണു സംഭവിച്ചത്. സംഭവത്തില്‍ സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും സംഭവം ചര്‍ച്ച ചെയ്യുന്നതിനു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ചോദ്യം തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പര്‍ പുറത്തു പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പരീക്ഷ റദ്ദാക്കണോ എന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് നാളെ തീരുമാനം കൈക്കൊള്ളും.
പ്ലസ് വണ്‍, പ്ലസ് ടു ക്രിസ്മസ് മോഡല്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍ എസ്സിഇആര്ടി വര്‍ക്ക്ഷോപ്പ് നടത്തിയാണ് നിശ്ചയിക്കുന്നത്. രണ്ടു സെറ്റ് ചോദ്യപേപ്പറാണ് തയാറാക്കുക. ഒരു സെറ്റ് തെരഞ്ഞെടുത്ത് സംസ്ഥാനത്തിനു പുറത്തുള്ള കോണ്‍ഫിഡന്‍ഷൽ പ്രസില്‍ പ്രിന്റ് ചെയ്ത് അവര്‍തന്നെ 14 ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കുകയും അവിടെനിന്ന് പ്രിന്‍സിപ്പല്‍മാര്‍ കൈപ്പറ്റുന്നതുമാണ് രീതി.
എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ വിവിധ ഡയറ്റുകളാണ് തയാറാക്കുന്നത്. രണ്ടു സെറ്റ് ചോദ്യപേപ്പറുകള്‍ തയാറാക്കും. അതില്‍ ഒന്നു തെരഞ്ഞെടുത്ത് എസ്എസ്കെ വഴി പ്രസിലേക്ക് അയയ്ക്കും.
പ്രസില്‍നിന്ന് വിവിധ ബിആര്‍സികളിലേക്കും അവിടെനിന്നു സ്കൂളുകളിലേക്കും എത്തിക്കും. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ചോദ്യപേപ്പര്‍ എസ്എസ്കെ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് രണ്ട് സെറ്റ് തയാറാക്കി ഒന്ന് തെരഞ്ഞെടുത്ത് പ്രസിലേക്കും തുടര്‍ന്ന് പ്രിന്റ് ചെയ്ത് ബിആര്‍സികളിലേക്കും വിതരണം ചെയ്യുന്നതാണ് രീതി.
ഇതിനേക്കാള്‍ കര്‍ശനമായ രീതിയിലാണ് പൊതുപരീക്ഷകള്‍ നടത്തുന്നത്. ചോദ്യപേപ്പര്‍ നിര്‍മാണം, വിതരണം തുടങ്ങിയ മേഖലകളിലെല്ലാം അതീവ സുരക്ഷാ നടപടിക്രമങ്ങള്‍ കൈക്കൊള്ളാറുണ്ട്. എന്നാല്‍, ഇപ്പോഴുണ്ടായിരിക്കുന്നത് അതീവ ഗൗരവമുള്ള സംഭവമാണ്. ഇക്കാര്യത്തില്‍ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സ്വകാര്യ ട്യൂഷന് സെന്ററില്‍ ക്ലാസെടുക്കുന്ന അധ്യാപകര്‍ക്കു ചോര്‍ച്ചയില്‍ പങ്കുണ്ടാകാമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.