കോട്ടയം ലുലുമാൾ തുറന്നു
Sunday, December 15, 2024 12:30 AM IST
കോട്ടയം: കോട്ടയത്തിനു ക്രിസ്മസ് പുതുവത്സര സമ്മാനമായി ലുലുമാള്‍ തുറന്നു. കോട്ടയം മണിപ്പുഴയില്‍ എംസി റോഡിനരികിലെ ലുലുമാളില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് മാള്‍ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യാതിഥിയായിരുന്നു.
ലൂലു ഗ്രൂപ്പ് ഇന്റർനാഷണല്‍ ചെയര്മാന് എം.എ. യുസഫലി ആമുഖപ്രഭാഷണം നടത്തി. എംപിമാരായ ജോസ് കെ. മാണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഹാരിസ് ബീരാന്, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, വാര്‍ഡംഗം ഷീന ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലുലു ഗ്രൂപ്പ് ഇന്റർനാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷറഫ് അലി സ്വാഗതവും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എം. നിഷാദ് നന്ദിയും പറഞ്ഞു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വ്യവസായ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
രണ്ടുനിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് മാള്‍. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയാണ് മുഖ്യആകര്‍ഷണം.
വിവിധയിനം ബ്രാന്‍ഡുകള്‍, 400 പേര്‍ക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന മള്‍ട്ടി ലെവല്‍ പാര്ക്കിംഗുമുണ്ട്.
ഇതിനു പുറമേ പ്രത്യേക പാര്‍ക്കിംഗ് ഗ്രൗണ്ടുമുണ്ട്. നിലവില്‍ പാര്‍ക്കിംഗ് സൗജന്യമാണ്. ഇന്നലെ വൈകുന്നേരം നാലു മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. ആദ്യദിനം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.