എമ്മാനുവേലിന്റെ മനുഷ്യാവതാരം
Sunday, December 15, 2024 12:30 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
‘എമ്മാനുവേൽ’ എന്ന പേര് നമുക്ക് സുപരിചിതമാണ്. ‘ദൈവം നമ്മോടുകൂടെ’ എന്നാണ് ഈ ഹീബ്രു-അറമായ പേരിന്റെ അർഥം.
വിശുദ്ധ ബൈബിളിലെ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യരോടൊത്ത് സഞ്ചരിക്കുന്നവനും വസിക്കുന്നവനുമാണ്. നമ്മോടുകൂടെ ആയിരിക്കാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ മനുഷ്യാവതാരത്തെക്കുറിച്ച്, ചരിത്രത്തിൽ അതു സംഭവിക്കുന്നതിന് നൂറ്റാണ്ടുകൾക്കുമുന്പ് ഏശയ്യ പ്രവാചകൻ ഇപ്രകാരം പ്രവചിച്ചു, ‘കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ എമ്മാനുവേൽ എന്ന് വിളിക്കപ്പെടും’ (7:14) . ഈ പ്രവചനം ഉദ്ധരിച്ചുകൊണ്ടാണ് മറിയം ഗർഭം ധരിച്ചതിനെക്കുറിച്ച് വിശുദ്ധ യൗസേപ്പിനെ ഗബ്രിയേൽ മാലാഖ ബോധ്യപ്പെടുത്തുന്നത്.
ഏദൻ തോട്ടത്തിലൂടെ സന്ധ്യാസമയത്ത് ഉലാത്തുന്ന ദൈവത്തെയാണു നാം ഉത്പത്തി പുസ്തകത്തിന്റെ ആദ്യതാളുകളിൽ ദർശിക്കുന്നത്. ഉലാത്തുക മാത്രമല്ല, മനുഷ്യരോട് സംഭാഷണത്തിൽ ഏർപ്പെടുകകൂടി ചെയ്യുന്ന ദൈവം. വിവിധ സംഭവങ്ങളിലൂടെ നിരന്തരം മനുഷ്യരോടു സംഭാഷണത്തിലേർപ്പെടുന്ന ദൈവം അബ്രാഹത്തെ പലതവണ സന്ദർശിക്കുന്നതായി നാം കാണുന്നുണ്ട്. ഇസഹാക്കിനോടു സംസാരിക്കുകയും യാക്കോബിനോടു മല്ലടിക്കുകയും ചെയ്യുന്ന ദൈവം നിരന്തരം മനുഷ്യ സഹവാസത്തിലാണ്.
മോശയോട് നിരവധി തവണ ഒരു സുഹൃത്തിനോടെന്നപോലെ സംസാരിച്ചവനാണ് അവിടന്ന്. അടിമത്തത്തിൽനിന്നു സ്വാതന്ത്ര്യത്തിലേക്ക് മോശ ദൈവജനത്തെ മരുഭൂമിയിലൂടെ നയിച്ചപ്പോൾ, പകൽ മേഘരൂപത്തിലും രാത്രി അഗ്നിരൂപത്തിലും അവരോടൊപ്പം യാത്ര ചെയ്തവനാണ് എമ്മാനുവേലായ ദൈവം.
യാത്രയ്ക്കിടെ അവർക്കു വിശന്നപ്പോൾ ഭക്ഷണവും ദാഹിച്ചപ്പോൾ ജലവും നൽകി അവരോടൊപ്പം കൂടാരങ്ങളിൽ വസിച്ചവനാണ് എമ്മാനുവേൽ. വാഗ്ദാനപേടകത്തിൽ പ്രതീകങ്ങളിലൂടെ സംവഹിക്കപ്പെട്ടപ്പോൾ, എമ്മാനുവേലിന്റെ മഹത്വം അവിടം നിറഞ്ഞുനിന്നിരുന്നു.
രോഗികളെ സുഖപ്പെടുത്തിയും അവർക്കുവേണ്ടി ചെങ്കടലിനെ രണ്ടായി പിളർന്നു പാത തീർത്തും യുദ്ധം ചെയ്തും മുന്നേറിയ എമ്മാനുവേൽ സമയാസമയങ്ങളിൽ തന്റെ ജനത്തിന്റെ തെറ്റ് തിരുത്തുകയും ശിക്ഷണാർഥം ശിക്ഷിക്കുകയും ചെയ്ത ഗുരുവും പിതാവുമായിരുന്നു.
അമ്മക്കഴുകൻ തന്റെ കുഞ്ഞുങ്ങളെ പറക്കാൻ പഠിപ്പിക്കുന്നതുപോലെ തന്റെ ജനത്തെ പരിശീലിപ്പിച്ച എമ്മാനുവേൽ കാലാകാലങ്ങളിൽ പ്രവാചകന്മാരിലൂടെ തന്റെ ജനത്തോടു സംസാരിച്ചിരുന്നു. സമയത്തിന്റെ പൂർണതയിൽ അതേ എമ്മാനുവേൽ പരിശുദ്ധാത്മാവിലൂടെ യൗസേപ്പിന്റെ ഭാര്യയായ മറിയത്തിൽ വന്ന് പിറക്കുകയും മറിയം ഗർഭവതിയാകുകയും ചെയ്തു.
ഗർഭസ്ഥനായ എമ്മാനുവേൽ ഗർഭത്തിലായിരുന്നുകൊണ്ടുതന്നെ എലിസബത്തിനെ സന്ദർശിച്ചു തന്റെ അഗ്രദൂതനായ യോഹന്നാനെ പരിശുദ്ധാത്മാവിനാൽ നിറച്ചു. ഗർഭാവസ്ഥയിൽത്തന്നെ ബേത്ലഹേമിലേക്കു യാത്രചെയ്ത എമ്മാനുവേൽ തനിക്കായി തുറന്നുതന്ന കാലിത്തൊഴുത്തിൽ പിറന്ന് സൃഷ്ടവസ്തുക്കളോടൊപ്പം വസിച്ചു.
തന്നെ തേടിയെത്തിയ ആട്ടിടയർക്കും ജ്ഞാനികൾക്കും ദർശനം നൽകിയ ശിശുവായ എമ്മാനുവേൽ ഈജിപ്തിൽ പരദേശിയായി ആ ദേശക്കാരോടൊപ്പം വസിച്ചു. മനുഷ്യനായി പിറന്ന എമ്മാനുവേലിന്റെ യാത്ര ഗാഗുൽത്താമല വരെ നീണ്ടു. മരണത്തിൽ എമ്മാനുവേലിന്റെ യാത്ര അവസാനിച്ചില്ല. എമ്മാവൂസിലേക്കു പോയ ശിഷ്യരോടൊപ്പവും മറ്റനവധി അവസരങ്ങളിലും അവൻ മനുഷ്യരോടൊപ്പം യാത്രചെയ്തു, കൂടെ വസിച്ചു.
ഇന്ന് എമ്മാനുവേൽ ഈ ഭൂമിയിൽ മനുഷ്യരോടൊപ്പം വസിക്കുന്നത് തന്നിൽ വിശ്വസിക്കുന്ന, തന്റെ സുവിശേഷം ജീവിക്കുന്ന മനുഷ്യമക്കളുടെ, അതേ, വിശുദ്ധിയിലേക്ക് യാത്രചെയ്യുന്ന പാപികളായ മനുഷ്യമക്കളുടെ കൂട്ടായ്മയായ സഭയിലൂടെയാണ്.
തന്റെ പ്രവൃത്തികൾ ഇന്നു ഭൂമിയിൽ തുടരുന്ന സഭയിൽ കൂദാശകളിലൂടെ, പ്രത്യേകിച്ച് വിശുദ്ധ കുർബാനയിലൂടെ എമ്മാനുവേൽ ഇന്നും മനുഷ്യരോടൊപ്പം വസിക്കുന്നു.