കൈവെട്ടു കേസ്: മുഖ്യപ്രതിക്കു ജാമ്യം
Saturday, December 14, 2024 2:17 AM IST
കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി എം.കെ. നാസറിന്റെ ശിക്ഷ താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നല്കി. നാസര്‍ നല്കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണു ഡിവിഷന് ബെഞ്ചിന്റെ നടപടി.
ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ എം.കെ. നാസര്‍ 2015 ലാണ് കോടതിയില്‍ കീഴടങ്ങിയത്. അന്നുമുതല്‍ തടവില്‍ കഴിഞ്ഞ നാസറിനെ യുഎപിഎ ഉൾപ്പെടെയുള്ള കുറ്റകൃത്യത്തിന് എന്‍ഐഎ കോടതി രണ്ടാംഘട്ട വിചാരണ നടത്തി 2013ല്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
തടവില്‍ കഴിഞ്ഞ കാലയളവു പരിഗണിച്ച് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നാസര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഒമ്പതു വര്‍ഷം ജയിലില്‍ കഴിഞ്ഞു എന്ന ഹര്‍ജിക്കാരന്റെ വാദവും സമാന കുറ്റം ചെയ്ത കൂട്ടുപ്രതികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷയനുഭവിച്ച് മോചിതരായെന്നതും കണക്കിലെടുത്താണ് ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, പി.വി. ബാലകൃഷ്ണന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ജീവിക്കാനുള്ള മൗലികാവകാശം മുന്‍നിര്‍ത്തിയാണു നാസറിന് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. പ്രതി രാജ്യം വിടരുതെന്നും ശേഷിക്കുന്ന വിചാരണയില്‍ ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും കോടതി നിർദേശിച്ചു. പ്രതിയുടെ ശിക്ഷ ഇനി അപ്പീലുകളിലെ തീര്‍പ്പിനു വിധേയമായിരിക്കും.
2010 ജൂലൈ നാലിനാണു ചോദ്യപേപ്പറിലെ മനനിന്ദ ആരോപിച്ച് അധ്യാപകനായ പ്രഫ. ടി.ജെ. ജോസഫിന്റെ വലതു കൈപ്പത്തി ഒരുസംഘം പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്. കേസില്‍ 31 പ്രതികള്‍ വിചാരണ നേരിട്ടതില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി 13 പ്രതികളെ ശിക്ഷിക്കുകയും 18 പ്രതികളെ 2015ല്‍ വെറുതെ വിടുകയും ചെയ്തു.