മഴയ്ക്ക് ഇന്നു ശമനമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
Saturday, December 14, 2024 2:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നലെ ആര്‍ത്തലച്ചു പെയ്ത മഴയ്ക്ക് ഇന്ന് ശമനമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ഒരു ജില്ലയിലും ഇന്ന് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
വെള്ളിയാഴ്ച്ച സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ അതി ശക്തമായ മഴ പ്രവചിക്കുന്ന ഓറഞ്ച് അലേര്‍ട്ടും ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കല്പിക്കുന്ന യല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ ഇടുക്കി, കൊല്ലം ജില്ലകളിലെ പല സ്ഥലങ്ങളിലും ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. കൊല്ലം ജില്ലയിലെ ആര്യന്‍കാവില്‍ 15 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. ഇടുക്കി കോവില്‍കടവില്‍ 12 സെന്റീമീറ്റര്‍ മഴ പെയ്തു. പുനലൂര്‍, വട്ടവട, തെന്മല, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്നലെ പെയ്തിറങ്ങിയത് ശക്തമായ മഴയായിരുന്നു.