ഏതു വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യം: കോടതി
Saturday, December 14, 2024 2:17 AM IST
കൊച്ചി: ഏതു വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്ന് ഹൈക്കോടതി. അതു കോടതിയുടെ മോറല്‍ പോലീസിംഗിനു വിധേയമാക്കേണ്ടതില്ലെന്നും ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രനും എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച കുടുംബക്കോടതി ഉത്തരവിനെതിരേ രണ്ടു കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജിയിലാണു കോടതി നിരീക്ഷണം.
സ്ത്രീയെ, അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളില്‍ ഉണ്ടാകരുത്. ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ഇത്തരമൊരു നിരീക്ഷണം നടത്തേണ്ടിവരുന്നത് എന്നതു നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയില്‍ എത്തിയത്.
ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നു, ഡേറ്റിംഗ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷസുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബക്കോടതി നിഷേധിച്ചത്. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബക്കോടതി കുറ്റപ്പെടുത്തിയിരുന്നു.
വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ടു കഴിയണമെന്ന കുടുംബക്കോടതിയുടെ വിലയിരുത്തല്‍ അംഗീകരിക്കാനേ ആകില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
കുട്ടികളുടെ താത്പര്യം അമ്മയോടൊപ്പം കഴിയാനാണ്. അവധിസമയത്തു പിതാവിനോടൊപ്പം പോകാനും ആഗ്രഹമുണ്ടെന്ന് കുട്ടികള്‍ അറിയിച്ചു. ഇതും കണക്കിലെടുത്ത് കുടുംബക്കോടതി ഉത്തരവ് റദ്ദാക്കി കുട്ടികളുടെ കസ്റ്റഡി ഹൈക്കോടതി അമ്മയ്ക്കു നല്കി.