ഭരണകക്ഷി അധ്യാപകസംഘടനയിൽപ്പെട്ടവരാണ് ചോദ്യ പേപ്പർ ചോർത്തുന്നതെന്നു സതീശൻ
Monday, December 16, 2024 5:54 AM IST
തിരുവനന്തപുരം: സ്കൂൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ച സംസ്ഥാനത്തിനു അപമാരകരമാണെന്നും ട്യൂഷൻ സ്ഥാപനങ്ങൾക്കു വേണ്ടി ഭരണകക്ഷിയുമായി ബന്ധപ്പെട്ട അധ്യാപകസംഘടനയിൽപ്പെട്ടവരാണ് ചോദ്യ പേപ്പർ ചോർത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരേ സർക്കാർ എന്തു നടപടിയാണ് എടുത്തത്. കേരളത്തിൽ നിരന്തരമായി ചോദ്യപേപ്പർ ചോർച്ചയുണ്ടാകുകയാണ്. ഭരണകക്ഷിയുമായി ബന്ധപ്പെട്ട അധ്യാപകസംഘടനയിൽപ്പെട്ടവരാണ് ചോദ്യം ചോർത്തുന്നത്. അതൊക്കെ എല്ലാവർക്കും അറിയാം. അതുകൊണ്ടാ ണ് ഒരു നടപടിയും എടുക്കാത്തത്.
സാമൂഹികസുരക്ഷാ പെൻഷൻ ശന്പളം വാങ്ങുന്ന 1400 ലധികം ഉദ്യോഗസ്ഥർ തട്ടിയെടുത്തിട്ടും എന്തുകൊണ്ടാണ് അവരുടെ പേര് പുറത്തു വിടാത്തത്. ഗുരുതരമായ കുറ്റമല്ലേ അവർ ചെയ്തത്. എന്നിട്ടും പേര് പറയില്ല. പേര് പറഞ്ഞാൽ സിപിഎമ്മുമായി ബന്ധപ്പെട്ടവരുടെ വലിയൊരു നിര അതിലുണ്ടാകും. അവരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ചോദ്യകടലാസ് ചേർച്ചയ്ക്ക് പിന്നിലും ഇവരുടെ സംഘടനയിൽപ്പെട്ടവർ തന്നെയാണ്.
സി.പി.എമ്മുമായി ബന്ധപ്പെട്ടവർക്കെതിരായ കേസുകൾ അന്വേഷിച്ചാൽ നവീൻ ബാബുവിന്റെ കേസ് അന്വേഷിച്ചതു പോലെയാകും. നവീൻ ബാബുവിന്റെ കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ ഡൽഹിയിൽ നിന്നും അഭിഭാഷകനെ കൊണ്ടുവരുമോയെന്നാണ് പേടി. സിപിഎമ്മിനെ പല കാര്യങ്ങളും ഭയപ്പെടാനുണ്ട്. മണിയാർ വിഷയത്തിലും സർക്കാർ എന്ത് മറുപടിയാണ് പറഞ്ഞത്. മണിയാർ ജല വൈദ്യുത പദ്ധതി സ്വകാര്യ കന്പനിക്ക് 25 വർഷത്തേക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
25 കൊല്ലം കൊണ്ട് 500 കോടി രൂപ കിട്ടേണ്ട പദ്ധതിയാണ് സ്വകാര്യ കന്പനിക്ക് നൽകുന്നത്. എന്നിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. അഴിമതിയുടെ നീണ്ട കഥകളാണ് പുറത്തുവരുന്നത്. സർക്കാരിന്റെ അഴിമതികളിൽ ഉൾപ്പെടെ യുഡിഎഫ് യോഗത്തിൽ ആലോചിച്ച് സമരത്തിലേക്ക് ഇറങ്ങുമെന്നും സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.