കാരുണ്യവാന്റെ ജനനം
Saturday, December 14, 2024 2:17 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
സെമിറ്റിക് പൈതൃക മുള്ള ‘റെഹ്മ’ എന്ന ഹീബ്രൂ- സുറിയാനി പദത്തിന് കരുണ, അമ്മയുടെ ഗർഭപാത്രം എന്നിങ്ങനെ രണ്ട് അർഥങ്ങളാണുള്ളത്. ഒറ്റനോട്ടത്തിൽ ഈ രണ്ട് അർഥങ്ങൾ ഒരേ വാക്കിനു വരാൻ കാര്യമായ കാരണങ്ങൾ ഇല്ല എന്നു തോന്നിയേക്കാം. എങ്കിലും, ആഴത്തിലുള്ള വിചിന്തനം മാതൃഗർഭം കരുണയുടെ ഉത്തമ ദൃഷ്ടാന്തമാണെന്ന് മനസിലാക്കാൻ സാധിക്കും.
ഒരു വ്യക്തി മാതൃഗർഭത്തിൽ ഉരുവാകുന്ന സമയം മുതൽ പ്രസവസമയംവരെ ഭ്രൂണരൂപത്തിൽ മാതൃസംരക്ഷണത്തിലാണ്.
ഗർഭസ്ഥ ശിശുവിന് അമ്മ പോഷണവും ഭക്ഷണവും സ്വന്തം ശരീരത്തിൽനിന്നു നല്കുന്നു. അമ്മയുടെ വികാര വിചാരങ്ങളും ചലനങ്ങളും ശിശു അറിയുന്നു. ഗർഭസ്ഥ ശിശുവിന്റെ അനക്കവും നീക്കവും അമ്മയും അറിയുന്നു. അങ്ങനെ പരസ്പരം അറിഞ്ഞും ആസ്വദിച്ചും വ്യത്യസ്ത വ്യക്തികൾ ഒന്നായി വസിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാതൃഗർഭത്തിലെ ശിശു.
ശിശു അമ്മയുടെ ‘റെഹ്മയിലാണ്’ - എന്നുവച്ചാൽ ‘ഗർഭത്തിലാണ്’. ഒരർഥത്തിൽ ശിശു അമ്മയുടെ കാരുണ്യത്തിലാണ്. മാതൃഗർഭത്തിലെന്നപോലെ അപരന്റെ ചലനങ്ങളറിയുന്ന, ഭാവങ്ങളും ഭാവമാറ്റങ്ങളും അനുഭവിക്കുന്ന, ഭക്ഷണം പകർന്നു നല്കുന്ന, സംരക്ഷണം നല്കുന്ന അവസ്ഥയാണ് കാരുണ്യം. ആ കാരുണ്യത്തിന്റെ മൂർത്തീരൂപമാണ് ദൈവപുത്രനായ ഈശോമിശിഹാ. ആ കാരുണ്യവാന്റെ ജനനോത്സവത്തിനാണ് നാം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ദുഷ്ടരുടെയും ശിഷ്യരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും മഴപെയ്യിക്കുകയും ചെയ്യുന്ന കരുണാമയനായ പിതാവിന്റെ പുത്രൻ മനുഷ്യാവതാരം ചെയ്തുകൊണ്ട് മനുഷ്യരെ പഠിപ്പിച്ചു: ‘സ്വർഗസ്ഥനായ പിതാവ് കരുണാമയനായിരിക്കുന്നതുപോലെ കരുണയുള്ളവരായിരിക്കുവിൻ’ (ലൂക്കാ 6:36).
കരുണയുള്ളവരായിരിക്കാൻ പഠിപ്പിക്കുന്നതിനു മുന്പുതന്നെ ആ കരുണാമയൻ കാരുണ്യം കാണിച്ച് മാതൃക നല്കി. കല്യാണസദ്യക്ക് വിഭവം തികയാതെ വിഷമിച്ച ആതിഥേയ രോട് കരുണ കാണിച്ചുകൊണ്ട് ആ കരുണാമയൻ അവിടെ ലഭ്യമായിരുന്ന വെള്ളം വിഭവമാക്കി മാറ്റി. തന്നെ ശ്രവിക്കാൻ ഒരുമിച്ചു കൂടിയിരുന്നവർക്ക് വിശപ്പടക്കാൻ ഭക്ഷണമില്ല എന്നു മനസിലാക്കിയ കരുണാമയൻ അവർക്കു സമൃദ്ധമായി ഭക്ഷിക്കാൻ നല്കി.
അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ തീറ്റിപ്പോറ്റിയവന് ദാഹജലം നല്കിയ പാപിനിയായ സ്ത്രീക്ക് കാരുണ്യവാൻ ഒരിക്കലും മേലിൽ ദാഹമുണ്ടാകാത്തവിധം പരിശുദ്ധാത്മാവാകുന്ന ജലം നല്കി. തന്നെ സമീപിച്ച രോഗികളെയും പിശാചുബാധിതരെയും സുഖപ്പെടുത്തിക്കൊണ്ട് ആ കരുണാമയൻ ജീവന്റെ സമൃദ്ധി പ്രദാനം ചെയ്തു. വിധവയുടെ ഏക മകനെ ജീവനിലേക്ക് തിരികെ കൊണ്ടുവന്നുകൊണ്ട് മരിച്ചവന് പുതുജീവനും വിധവയ്ക്ക് കാരുണ്യവും നല്കി.
ഗർഭസ്ഥ ശിശു ആവശ്യപ്പെടാതെതന്നെ അതിനെ പോറ്റുന്ന, അതിന്റെ അനക്കങ്ങൾ അറിയുന്ന, അതിനെ സംരക്ഷിക്കുന്ന ആ മനോഭാവം അപരന്റെ നേർക്ക് ഉണ്ടാകുന്പോഴേ കാരുണ്യമാകൂ. ദൈവത്തിൽനിന്ന് നിരന്തരം കാരുണ്യം സ്വീകരിക്കുന്ന നമുക്ക്, ദൈവത്തിന് കാരുണ്യം തിരിച്ചു നല്കുക സാധ്യമല്ല. എന്നാൽ, ദൈവത്തിന്റെ മുഖം പേറുന്ന മനുഷ്യമക്കളോട് കാരുണ്യം കാണിക്കുകവഴി കാരുണ്യവാനോട് നമുക്കു നന്ദിയുള്ളവരായിരിക്കുവാൻ സാധിക്കും.
കാരുണ്യവാനായ ഈശോ തന്റെ സുവിശേഷത്തിലൂടെ മനുഷ്യകുലത്തെ പഠിപ്പിച്ചു: ‘കരുണയുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർക്കു കരുണ ലഭിക്കും’ (മത്താ 5:7).