കേരള വനനിയമ ഭേദഗതി കരട് വിജ്ഞാപനം പിന്‍വലിക്കണം: ജോസ് കെ. മാണി
Monday, December 16, 2024 5:54 AM IST
കോട്ടയം: കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി മുപ്പത് ലക്ഷം കര്‍ഷകരെ അവരുടെ കൃഷിയിടങ്ങളില്‍ നിന്നും കുടിയിറക്കാനുള്ള ഒരു വിഭാഗം ഉന്നത ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ഗൂഢോദ്ദേശ്യ പദ്ധതിയാണു വനനിയമ ഭേദഗതി കരട് വിജ്ഞാപനമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ മാണിഎംപി.
വന്യജീവി ആക്രമണ ഭയം വളര്‍ത്തി വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളില്‍നിന്നും എങ്ങനെയും കര്‍ഷകരെ കുടിയിറക്കുക എന്നതാണ് ചില ഉന്നത ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ രഹസ്യ പദ്ധതി. വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങള്‍ പണം കൊടുത്തു വാങ്ങി വനം വകുപ്പിനു കൈമാറുന്ന ചില സംഘടനകള്‍ വനമേഖലകളില്‍ ഇപ്പോഴും സജീവമാണെന്ന് കര്‍ഷകര്‍ പരാതി പറയുന്നുണ്ട്.
വനംവകുപ്പിന്റെ കെടുകാര്യസ്ഥതകള്ക്കെതിരേ കഴിഞ്ഞ കുറെ നാളുകളായി രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്‍ബലത്തോടെ ഉയര്‍ന്നുവരുന്ന ജനകീയ പ്രതിരോധം വനംവകുപ്പിലെ ഒരു പ്രത്യേക വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നു. ഇക്കാരണത്താലാണ് വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളെയാകെ നിരന്തരം ഭീഷണിപ്പെടുത്തുന്നതിനും പീഡിപ്പിക്കുന്നതിനുമായി സംസ്ഥാന വന നിയമഭേദഗതി കരട് വിജ്ഞാപനം അവതരിപ്പിച്ചിരിക്കുന്നത്.
അടുത്ത നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ഈ നീക്കം റദ്ദാക്കണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരെ മാത്രമല്ല കേരളത്തില്‍ എവിടെയും സംസ്ഥാന പോലീസിനെ നോക്കുകുത്തിയാക്കി ആരെ വേണമെങ്കിലും വാറന്റില്ലാതെ അറസ്റ്റ്ചെയ്യാനും കോടതിയെ അറിയിക്കാതെ കസ്റ്റഡിയില്‍ വയ്ക്കാനും വനംവകുപ്പിന് അധികാരം നല്കുന്ന വന നിയമഭേദഗതി നിര്‍ദ്ദേശം നിയമവാഴ്ച ആഗ്രഹിക്കുന്ന ഭരണകൂടത്തിന് ഭൂഷണമല്ല. അടിയന്തരാവസ്ഥയില്‍ പ്രയോഗിച്ച കരിനിയമങ്ങളെ വെല്ലുന്ന കിരാത നിയമമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വനാതിര്‍ത്തി ദൂരം 16846 കിലോമീറ്ററാണ്. 2023-ലെ സംസ്ഥാന വനം സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 430 പഞ്ചായത്തുകള്‍ വനാതിര്‍ത്തി പങ്കിടുന്നു. ഏകദേശം 1.3 കോടി ജനങ്ങള്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നു. വര്‍ഷാവര്‍ഷം വന്യജീവി ആക്രമണങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു. വന്യജീവികള്‍ കാർഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു.
പശ്ചിമഘട്ടത്തിലെ സാധാരണ ജനങ്ങളും കര്‍ഷകരും വന്യജീവികളെ നിരന്തരം ആക്രമിക്കുകയാണെന്നും വനം വ്യാപകമായി കൈയേറുകയാണെന്ന തെറ്റായ കാര്യം സംസ്ഥാന വനം വകുപ്പിലെ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുകയാണെന്നും ജോസ് കെ.മാണി കുറ്റപ്പെടുത്തി. വനമേഖലയിലെ പോലീസ് സ്റ്റേഷനുകളില്‍ ട്രാഫിക് പോലീസിന് സമാനമായി വനം-പോലീസ് വിഭാഗം പുതുതായി രൂപീകരിച്ച് എല്ലാ വനാതിര്‍ത്തി പോലീസ് സ്റ്റേഷനുകളിലും നിയമിക്കണമെന്നും വന്യജീവി ആക്രമണം നേരിടാന്‍ സംസ്ഥാന വനനിയമം ഭേദഗതി ചെയ്ത് വനം പോലീസിന് ആവശ്യമായ അധികാരങ്ങള്‍ നല്‍കണമെന്നും ജോസ് കെ .മാണി ചൂണ്ടിക്കാട്ടി.