മെക് 7 ആരോഗ്യ കൂട്ടായ്മ: നിലപാട് മയപ്പെടുത്തി സിപിഎം
Monday, December 16, 2024 5:54 AM IST
കോഴിക്കോട്: മെക്ക് 7 ആരോഗ്യകൂട്ടായ്മയെ സംബന്ധിച്ച ആരോപണങ്ങള്‍ വന്‍ വിവാദത്തിനു തിരികൊളുത്തിയതിനിടെ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാട് മയപ്പെടുത്തിയും വിവിധ പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കളും. മെക് 7 കൂട്ടായ്മയ്ക്കെതിരേ സിപിഎമ്മും സുന്നി നേതാക്കളുമാണ് ആദ്യം രംഗത്തെത്തിയത്. മലബാര്‍ മേഖലയിലെ വ്യായാമ പരിശീലന കൂട്ടായ്മയുടെ പിന്നില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമെന്നാണു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ആരോപിച്ചത്.
പി. മോഹനനെ പാര്‍ട്ടിയോ മറ്റ് ഇടതു നേതാക്കളോ അനുകൂലിക്കുകയോ ചെയ്തില്ല. തന്റെ പ്രസ്താവന വിവാദമായതോടെ ഇന്നലെ പി. മോഹനന് നിലപാട് മയപ്പെടുത്തി. എന്നാൽ, ജമാ അത്തെ ഇസ്ലാമിയെ പേരെടുത്തു പറഞ്ഞു വിമര്‍ശിച്ച സമസ്ത എപി വിഭാഗം നിലപാടില്‍നിന്നു പിന്നാക്കം പോയിട്ടില്ല.
മെക് 7 നെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും പൊതു ഇടങ്ങളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറുന്നുവെന്ന ആശങ്ക പങ്കുവയ്ക്കുക മാത്രമാണു ചെയ്തതെന്നും പി. മോഹനന് വിശദീകരിച്ചു.
ജീവിതശൈലീ രോഗങ്ങള്‍ക്കെതിരേ കരുതലായി ആരംഭിച്ച വ്യായാമ കൂട്ടായ്മയാണ് മെക് 7. അതിനെ എതിര്‍ക്കേണ്ട കാര്യമില്ല. അതൊരു പൊതുവേദിയാണ്. അത്തരം വേദികളില്‍ അപൂര്‍വം ചില സ്ഥലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി, സംഘപരിവാര്‍, എസ്ഡിപിഐ തുടങ്ങിയ മതരാഷ്ട്ര വാദികള്‍ നുഴഞ്ഞുകയറി അവരുടെ അജൻഡ നടപ്പാക്കാനുള്ള നീക്കം നടത്തുന്നുണ്ട്. അതിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നാണു പറഞ്ഞത്. മെക് സെവനെതിരേ ആരോപണമില്ല- പി. മോഹനന് വിശദീകരിച്ചു.
അതിനിടെ, വ്യായാമം ചെയ്യുന്നതിന് എന്തിനാണ് ഒരു വിഭാഗത്തെ എടുത്തുപറയുന്നതെന്നു ചോദിച്ചാണ് മെക് 7 ആരോഗ്യ കൂട്ടായ്മയ്ക്ക് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പന്തുണ പ്രഖ്യാപിച്ചത്.
“നല്ല ആരോഗ്യ കൂട്ടായ്മയാണ് മെക് 7 എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കോഴിക്കോട് ബീച്ചിലെ കൂട്ടായ്മ താനാണ് ഉദ്ഘാടനം ചെയ്തത്. ഓപ്പണ്‍ സ്ഥലത്ത് എല്ലാവര്ക്കും കാണാവുന്ന രീതിയിലാണ് മെക് 7 പരിപാടി സംഘടിപ്പിക്കുന്നത്. ആളുകള്‍ക്കു നല്ല റിസള്‍ട്ട് ലഭിക്കുന്നതുകൊണ്ടാണ് അതില്‍ പങ്കെടുക്കുന്നത്. ഒരു സാമ്പത്തിക നേട്ടവും അതിലൂടെ ലഭിക്കുന്നില്ല.
ജാതിയോ മതമോ ഒന്നും അവിടെ ചോദിക്കുന്നില്ല. മോഹനന് മാഷുമായി ഈ വിഷയം സംസാരിച്ചിരുന്നു ഏതെങ്കിലും സംഘടനയെക്കുറിച്ച് താന്‍ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്’’- ദേവര്‍കോവില്‍ പറഞ്ഞു.
അതേസമയം, സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നു ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിട്ടുണ്ട്. മെക് 7 വ്യായാമ സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷണം വേണമെന്നും പ്രച്ഛന്ന വേഷക്കാരായ തീവ്രവാദ സംഘങ്ങളെ തിരിച്ചറിയണമെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് ആവശ്യപ്പെട്ടു. നിരോധിത സംഘടനയില്‍പ്പെട്ടവര്‍ പ്രവര്‍ത്തന കൂട്ടായ്മയ്ക്കായി വ്യത്യസ്ത മുഖങ്ങള്‍ സ്വീകരിക്കുകയാണ്. പൊതുസ്ഥലത്ത് സമൂഹത്തിലെ അറിയപ്പെടുന്നവരെയും വ്യത്യസ്ത രാഷ്ട്രീയക്കാരെയും ക്ഷണിച്ചു കൊണ്ടുവന്ന് സംഘടനാപരമായ ഒത്തുചേരല്‍ സംഘടിപ്പിക്കുകയാണു ലക്ഷ്യം. ഒറ്റനോട്ടത്തില്‍ കുഴപ്പമില്ലെന്നു തോന്നുന്ന വ്യായാമ ഒത്തുചേരലുകള്‍ക്ക് പിന്നിലുളള വലിയ അജണ്ട പുറത്തു കൊണ്ടുവരണമെന്നും വി.കെ.സജീവന് ആവശ്യപ്പെട്ടു.
വിവാദങ്ങള്‍ മെക് 7 കൂട്ടായ്മയെ പിടിച്ചുലച്ച പശ്ചാത്തലത്തില്‍ സിപിഎമ്മിനു മറുപടിയായി, മെക് 7 ന് ആശംസയറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ് അയച്ച കത്തും കോഴിക്കോട് മേയര്‍ ബീന ഫിലിപ് പങ്കെടുക്കുന്ന പരിപാടിയുടെ ഫോട്ടോകളും സംഘാടകര്‍ പുറത്തുവിട്ടു.