വയനാടിനോടുള്ള കേന്ദ്രാവഗണനയ്ക്കെതിരേ ആദ്യം പ്രതികരിച്ചത് പ്രതിപക്ഷം: പ്രതിപക്ഷനേതാവ്
Monday, December 16, 2024 5:53 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്രാവഗണനയ്ക്കെതിരേ നിയമസഭയിൽ ആദ്യമായി സംസാരിച്ചത് പ്രതിപക്ഷമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേന്ദ്രം അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നതിനും എത്രയോ ദിവസങ്ങൾക്ക് മുൻപ് പ്രതിപക്ഷം പറഞ്ഞതാണ്. ഹെലികോപ്റ്ററിനുള്ള പണം നൽകണമെന്ന് പറഞ്ഞപ്പോഴും പ്രതിപക്ഷം അതിനെ എതിർത്തു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടത്.
ശശി തരൂർ എംപി ഉൾപ്പെടെയുള്ളവരാണ് വയനാടിനെക്കുറിച്ചുള്ള നീതികേടിനെ കുറിച്ച് പാർലമെന്റിൽ പറഞ്ഞത്. ഇതൊന്നും കേൾക്കാത്ത മന്ത്രിമാരുണ്ടെങ്കിൽ അവരൊന്നും ഈ ഗ്രഹത്തിലല്ല ജീവിക്കുന്നതെന്നു പറയേണ്ടിവരും. കേന്ദ്ര അവഗണനയ്ക്കെതിരേ എൽഡിഎഫിനൊപ്പം സമരം ചെയ്യുന്നതിനെക്കുറിച്ച് മൂന്നു തവണ ആലോചിക്കേണ്ടി വരും. സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണി യുഡിഎഫിനുണ്ട്. എൽഡിഎഫിനൊപ്പം സമരം ചെയ്യേണ്ട ആവശ്യമില്ലെന്നും സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.