തൃശൂർ പൂരം കലക്കൽ: വി.എസ്. സുനിൽകുമാറിന്റെ മൊഴിയെടുത്തു
Sunday, December 15, 2024 1:35 AM IST
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും തൃശൂരിലെ ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന വി.എസ്. സുനിൽകുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലായിരുന്നു മലപ്പുറം അഡീഷണൽ എസ്പി ഫിറോസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം സുനിൽകുമാറിൽനിന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.
മുന്പ് മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങൾതന്നെയാണ് മൊഴിയായി നൽകിയതെന്നു സുനിൽകുമാർ പറഞ്ഞു. പൂരം അലങ്കോലപ്പെട്ടതിൽ ആർഎസ്എസിനും പോലീസിലെ ചിലർക്കും ബിജെപി സ്ഥാനാർഥിക്കും പങ്കുണ്ടെന്നായിരുന്നു സുനിൽകുമാർ തുടക്കംമുതലേ ആരോപിച്ചിരുന്നത്.
അറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിനൽകിയെന്നും പൂരം അലങ്കോലപ്പെട്ടതിൽ ദേവസ്വത്തിലെ ആളുകൾക്കല്ല ഉത്തരവാദിത്വമെന്നും സുനിൽകുമാർ വ്യക്തമാക്കി. സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും വെടിക്കെട്ട് നടത്താനുള്ള തീരുമാനം എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.