മുനമ്പം മാനുഷിക പ്രശ്നം: ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍
സ്വന്തം ലേഖകന്‍
Monday, December 16, 2024 6:16 AM IST
തിരുവനന്തപുരം: മുനമ്പം ഒരു ജാതിയുടെയോ വര്‍ഗത്തിന്റെയോ പ്രശ്നമല്ലെന്നും മറിച്ച് അത് മാനുഷിക പ്രശ്നമാണെന്നും കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
ലത്തീന്‍ കത്തോലിക്കാ ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച സമ്പൂര്‍ണ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാം ദൈവത്തിന്റെ രൂപസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. ഈ രാജ്യത്ത് നാം സഹോദരങ്ങളെപ്പോലെ ജീവിക്കണമെങ്കില്‍ നമ്മുടെ ആകാശം വിശാലമായിരിക്കണം.
സ്നേഹത്തിന്റെ സംസ്കാരവും നാഗരികതയുമാണ് നമ്മുടേത്. സ്നേഹത്തിന്റെ വിപ്ലവം നാം ജീവിതത്തിലൂടെ വ്യാപിപ്പിക്കണം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ലത്തീന്‍ കത്തോലിക്കാ സമുദായം തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാഷ്ട്രീയം നല്ലതല്ല എന്ന ചിന്ത വേണ്ട. രാഷ്ട്രീയത്താല്‍ സമ്പുഷ്ടീകരിക്കുന്ന ഒരു പ്രത്യയ ശാസ്ത്രം നമുക്കു വേണം. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന കെഎല്‍സിഎ-കെആര്‍എല്‍സിസി ഭാരവാഹികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുനമ്പം വിഷയം സമൂഹത്തില്‍ മതേതര സ്വഭാവം നഷ്ടപ്പെടുത്തുന്നുണ്ടോ എന്നു ചിന്തിക്കണമെന്നു നേതൃസംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പറഞ്ഞു. പാവപ്പെട്ടവര്‍ക്കു പ്രത്യാശ നല്കി എല്ലാവരോടും സഹവര്‍ത്തിത്വത്തോടെ ഇടപെടുന്ന സമുദായമാണ് ലത്തീന്‍ സമുദായം. വിലപേശല്‍ ശക്തിയായി നില്‍ക്കുന്നവരെ മാത്രമാണ് ഭരണനേതൃത്വം പരിഗണിക്കുന്നത്. ചരിത്രപരമായി കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ വലിയ സംഭാവന നല്കിയവരാണ് ലത്തീന്‍ കത്തോലിക്കാ സമൂഹം. ലത്തീന്‍ സമുദായ അംഗങ്ങള്‍ അധികവും താമസിക്കുന്നത് തീരദേശങ്ങളിലാണ്. എന്നാല്‍ തീരം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അധികാരികള്‍ തന്ത്രപരമായി മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോണ്‍. ജോസ് നവസ് പുത്തന്‍പുരയ്ക്കലിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച നേതൃസംഗമത്തിനു കെആര്‍എല്‍സിസി സെക്രട്ടറി പാട്രിക് മൈക്കിള്‍ സ്വാഗതം ആശംസിച്ചു. പുനലൂര്‍ ബിഷപ് ഡോ. സെല്‍വെസ്റ്റര്‍ പൊന്നുമുത്തന്‍, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഡോ. ശശി തരൂര്‍ എംപി, എം.വിന്‍സെന്റ് എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ.തോമസ്, സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, കെഎല്‍സിഡബ്ലിയുഎ പ്രസിഡന്റ് ഷെര്‍ളി സ്റ്റാന്‍ലി, സിഎസ്എസ് ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്, കെഎല്‍എം പ്രസിഡന്റ് ബാബു തണ്ണിക്കോട്, ഡിസിഎംഎസ് സംസ്ഥാന ട്രഷറര്‍ പ്രബലദാസ്, ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷനുകളുടെ സംസ്ഥാന സെക്രട്ടറി ഹെയ്സല്‍ ഡിക്രൂസ്, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എല്‍.അനുദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.