പനയന്പാടം അപകടം; ആക്ഷൻ പ്ലാൻ തയാറാക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി
Saturday, December 14, 2024 2:17 AM IST
പാലക്കാട്: കല്ലടിക്കോട് പനയന്പാടത്ത് നാലു വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്തു ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർ ഇന്നു സ്ഥലപരിശോധന നടത്തും. പ്രദേശവാസികളുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് ആക്ഷൻ പ്ലാൻ തയാറാക്കുമെന്നും സമയബന്ധിതമായി ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന അടിയന്തരയോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജില്ലാ പോലീസ് മേധാവി, ആർടിഒ, പൊതുമരാമത്ത് - ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തി ആക്ഷൻ പ്ലാൻ തയാറാക്കുക. ആക്ഷൻ പ്ലാൻ പരിശോധിച്ചശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സർക്കാർതലത്തിലുളള തീരുമാനങ്ങൾകൂടി കൈക്കൊണ്ട് നടപ്പാക്കും.
ഇന്നലെ രാത്രിതന്നെ അപകടസ്ഥലത്തു വാഹനപരിശോധന ആരംഭിച്ചു. കണ്ടെത്തലുകൾ പരിഗണിച്ച് പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി പാലക്കാട് (ഇൻചാർജ്) ആർ. വിശ്വനാഥ് അറിയിച്ചു. അപകടം സംബന്ധിച്ച് ഡിവൈഎസ്പി തലത്തിൽ അന്വേഷണം നടന്നുവരികയാണ്. ഇത്തരം അപകടമേഖലകളിൽ സ്പീഡ് ബ്രേക്കർ സംവിധാനം നടപ്പാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദരിദ്രകുടുംബത്തിൽപെട്ടവരാണ് അപകടത്തിൽ മരണപ്പെട്ടതെന്നും ഇവരുടെ കുടുംബങ്ങൾക്ക് അടിയന്തരമായി സർക്കാർ ധനസഹായം അനുവദിക്കണമെന്നും ആവശ്യമുയർന്നു.
കരിന്പ ഹയർസെക്കൻഡറി സ്കൂൾ ബസ് സ്റ്റോപ്പിനുസമീപം രാവിലെ ഒന്പതുമുതൽ 10 വരെയും വൈകിട്ട് നാലുമുതൽ അഞ്ചുവരെയും പോലീസിനെ നിയോഗിക്കണമെന്നും ആവശ്യമുയർന്നു.
കെ. ശാന്തകുമാരി എംഎൽഎ, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, പാലക്കാട് ജില്ലാ പോലീസ് മേധാവി (ഇൻചാർജ്) ആർ. വിശ്വനാഥ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി. സുരേഷ്, കരിന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻമാസ്റ്റർ, വാർഡ് മെംബർ പി.കെ. അബ്ദുള്ളക്കുട്ടി, പ്രദേശവാസികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ്, എംഎൽഎമാരായ കെ. ശാന്തകുമാരി, പി.പി. സുമോദ്, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര, വിവിധ രാഷ്ട്രീയപാർട്ടിനേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കളത്തിൽ അബ്ദുള്ള, ജോസ് ബേബി, ടി.എ. സിദ്ദിഖ്, ഇ.എൻ. സുരേഷ് ബാബു, കെ.പി. സുരേഷ് രാജ്, സി. ചന്ദ്രൻ, മരക്കാർ മാരായമംഗലം, മണ്ണാർക്കാട് നഗരസഭാ ചെയർമാൻ ഫായിദ ബഷീർ തുടങ്ങി നിരവധിപേർ അന്ത്യോപചാരമർപ്പിക്കാനെത്തി.
കരിന്പനയ്ക്കൽ ഹാളിലെ പൊതുദർശനവേദിയിലെ മയ്യത്ത് നിസ്കാരത്തിനു സാദിഖ് അലി ശിഹാബ് തങ്ങളും തുപ്പനാട് ജുമാമസ്ജിദിലെ മയ്യത്ത് നിസ്കാരത്തിനു സയ്ദ് പി.കെ. ഇന്പിച്ചിക്കോയ തങ്ങൾ കുടക്കാടും നേതൃത്വം നൽകി.
ലോറി ഡ്രൈവർമാർ റിമാൻഡിൽ
നാലു വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ പനയന്പാടം അപകടത്തിൽ രണ്ടു ലോറിയുടെയും ഡ്രൈവർമാരെ കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശി മഹേന്ദ്ര പ്രസാദ് (34), നിലന്പൂർ വഴിക്കടവ് പള്ളിപ്പറന്പിൽ പ്രജീഷ് ജോണ്(27) എന്നിവരെയാണു മണ്ണാർക്കാട് ഡിവൈഎസ്പി സി. സുന്ദരന്റെ നിർദേശപ്രകാരം കല്ലടിക്കോട് സിഐ എം. ഷഹീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.
അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നു ഡിവൈഎസ്പി പറഞ്ഞു. സിമന്റ് ലോറിയിലെ ഡ്രൈവറാണ് മഹേന്ദ്രപ്രസാദ്. സിമന്റ് ലോറിയിൽ ഇടിച്ച ലോറിയിലെ ഡ്രൈവറാണ് പ്രജീഷ് ജോണ്.