കാർ ഷോറൂമിലെ തീപിടിത്തം: ജീവനക്കാരൻ അറസ്റ്റിൽ
Sunday, December 15, 2024 12:30 AM IST
തലശേരി: നഗരമധ്യത്തിലെ മാരുതി ഷോറൂമിൽ മൂന്നു കാറുകൾ കത്തി നശിച്ച സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ. വയനാട് മക്കിയാട് തേറ്റമല പന്നിയോടൻ സജീറിനെയാണു (26) തലശേരി ടൗൺ സിഐ ബിനു തോമസ്, എസ്ഐ ദീപ്തി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വിറ്റ വാഹനത്തിന്റെ പണം കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കാതെ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച പ്രതി ഇതിൽനിന്നു ശ്രദ്ധതിരിക്കാനായി ഷോറൂമിൽ കിടന്ന വാഹനങ്ങൾക്കു തീ വയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനുശേഷം എറണാകുളത്തേക്കു കടന്ന പ്രതിയെ ആസൂത്രിതമായി തലശേരിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സജീറിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ചിറക്കര ഇൻഡക്സ് നക്സ ഷോറൂമിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഗ്രാന്റ് വിറ്റാര, ബലേനോ തുടങ്ങിയ മൂന്ന് പുതിയ കാറുകളാണ് കത്തിനശിച്ചത്. 35 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം.