സഹൃദയ എന്‍ജിനിയറിംഗ് കോളജിന് രാജ്യാന്തര ബഹുമതി
Monday, December 16, 2024 5:53 AM IST
കൊടകര: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സംഘടനയായ ഐ ട്രിപ്പിള്‍ ഇ യുടെ സഹൃദയ എൻജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി ശാഖയ്ക്കു രാജ്യാന്തര തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരം. ഐ ട്രിപ്പിള്‍ ഈയുടെ ആഗോള തലത്തിലുള്ള ഏറ്റവും വലിയ മേഖലയായ ഏഷ്യാപസഫിക് മേഖലയില്‍ മികച്ച വിദ്യാര്‍ഥി ശാഖയ്ക്കുള്ള രാജ്യാന്തര പുരസ്കാരമാണു സഹൃദയ എൻജിനിയറിംഗ് കോളജ് കരസ്ഥമാക്കിയത്.
2023ലെ എറ്റവും മികച്ച പരിപാടിക്കുള്ള ‘ചാരല് ഡോംഗ് വിദ്യാര്‍ഥി പ്രവര്‍ത്തന പുരസ്കാരം’, വെങ്കല മെഡല്‍, സഹൃദയ എസ്ബിയുടെ ചെയര്മാന് റോബിന് ഫ്രാന്‍സിസിന് ‘ഔട്ട്സ്റ്റാന്‍ഡിംഗ് വോളന്റിയര്‍ അവാര്‍ഡ് 2024’ എന്നിവ ലഭിച്ചു.
കൊച്ചിയിലെ ഐ ട്രിപ്പിള്‍ ഇ കേരള സെക്ഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍, സഹൃദയ കോളജില്‍ നടത്തിയ ടെഡ് എക്സ് ഇന്ഫിനിയയ്ക്ക് 2024ലെ ഏറ്റവും മികച്ച പരിപാടിക്കുള്ള പുരസ്കാരവും, കൊച്ചി ഹബ്ബിന് ഏറ്റവും മികച്ച വിദ്യാര്‍ഥി ശാഖയ്ക്കുള്ള അവാര്‍ഡും സംസ്ഥാനതലത്തില്‍ ലഭിച്ചു.
സഹൃദയ എസ്ബിയുടെ ഗുണമേന്മയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ശാഖയുടെ ചെയര്‍മാന്റെ സവിശേഷമായ സംഭാവനകള്‍ക്കുമുള്ള അംഗീകാരമാണ് ഈ പുരസ്കാരങ്ങള്‍. ഐ ട്രിപ്പിള്‍ ഇ എസ്ബി കൗണ്‍സിലര്‍ അനില്‍ ആന്റണി, കമ്പ്യൂട്ടര്‍ സൊസൈറ്റി ഫാക്കല്‍റ്റി ചെയര്‍ ഡോ. മണിശങ്കര്‍ എസ്., കംപ്യൂട്ടര്‍ സൊസൈറ്റി ചെയര്മാന് ഡെറിക് ഡേവീസ് എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.