സ്വകാര്യ കാറുകൾ ഉടമയല്ലാത്തവർക്കും ഓടിക്കാം
Saturday, December 14, 2024 2:17 AM IST
തിരുവനന്തപുരം: സ്വകാര്യ കാറുകൾ സ്ഥിരമായല്ലാതെ കുടുംബാംഗങ്ങളോ മറ്റുള്ളവരോ ഓടിക്കുന്നതു കുറ്റകരമല്ലെന്നു ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ വിശദീകരണം.
ഇടയ്ക്കിടെ മറ്റുള്ളവർക്കും ഓടിക്കാം എന്നാണു പറയുന്നത്. ഇടയ്ക്കിടെ എന്നതു കൃത്യമായി നിർവചിച്ചിട്ടില്ല. കന്പനികളുടെ ഉടമസ്ഥതയിലുള്ള കാറുകളും ഡ്രൈവർമാരെ ഉപയോഗിക്കുന്ന കാറുകളും നിയമലംഘനം നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിൽ മെഡിക്കൽ വിദ്യാർഥികൾ വാടകയ്ക്കെടുത്ത കാറിൽ പോകവേ അപകടമുണ്ടായ സാഹചര്യത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ പ്രസ്താവനയുടെ പേരിലുണ്ടായ അവ്യക്തതയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം നിയമത്തിൽ വ്യക്തത വരുത്തിയത്. ഒരാളുടെ പേരിലുള്ള വാഹനം സൗജന്യമായോ അല്ലാതെയോ മറ്റൊരാൾക്ക് ഓടിക്കാനാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
റെന്റ് എ കാർ ആയി വാഹനം ഓടിക്കുന്നതിനു പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഉണ്ടാകണം. ഇത്തരം വാഹനങ്ങളുടെ നന്പർ പ്ലേറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മഞ്ഞ നിറത്തിലാണ് നന്പർ എഴുതേണ്ടത്. ഡ്രൈവർ ഉള്ള മോട്ടോർ കാബ് ആയി ഉപയോഗിക്കുന്ന വാഹനങ്ങൾ മഞ്ഞ ബോർഡിൽ കറുത്ത നിറത്തിലാണ് നന്പർ എഴുതേണ്ടത്.
എന്നാൽ വെള്ള നിറത്തിലുള്ള ബോർഡുമായി നിരവധി വാഹനങ്ങൾ റെന്റ് എ കാർ ആയി നൽകുന്നതായി ടാക്സി ഡ്രൈവർമാരും ഓട്ടോറിക്ഷക്കാരും നിരന്തരമായി പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പ് ടാക്സി ഡ്രൈവർമാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും യോഗം വിളിച്ചു കൂട്ടി ഇങ്ങനെ അനധികൃതമായി റെന്റ് എ കാർ സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കും.
സ്ഥിരമായി കാർ മറ്റുള്ളവർക്കു നൽകുന്നതും അനധികൃതമായി എയർപോർട്ട് ടാക്സി ആയി ഓടുന്നതും ഓണ്ലൈൻ ടാക്സി ആയി സർവീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. ഇത്തരം കുറ്റം ചെയ്യുന്നവർക്കു പിഴ ചുമത്തും. ആവർത്തിച്ചാൽ ആർസി സസ്പെൻഡ് ചെയ്യും. വീണ്ടും ആവർത്തിച്ചാൽ ആർസി റദ്ദാക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.