സാങ്കേതിക സർവകലാശാലയുടെ വെബ്സൈറ്റിൽ വൈസ് ചാൻസലർക്ക് ഇടമില്ല
തോമസ് വർഗീസ്
Monday, December 16, 2024 5:54 AM IST
തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടു തുടരുന്ന ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. ഏറ്റവും ഒടുവിൽ ഗവർണർ സ്വന്തം താത്പര്യപ്രകാരം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി കുസാറ്റിലെ പ്രാഫസർ ഡോ. കെ ശിവപ്രസാദിനെ ആഴ്ച്ചകൾക്ക് മുന്പ് നിയമച്ചിരുന്നു. എന്നാൽ സാങ്കേതിക സർവകലാശാലയുടെ വെബ് സൈറ്റിൽ നിലവിലുള്ള സർവകലാശാല വൈസ് ചാൻസലറെ കുറിച്ച് ഒരു വിവരവും ഉൾപ്പെടുത്തിയിട്ടില്ല.
സാങ്കേതിക സർവകലാശാലയ്ക്ക് വൈസ് ചാൻസലർ ഉണ്ടോ എന്ന കാര്യം സർവകലാശാലയുടെ വെബ്സൈറ്റിൽ നോക്കിയാൽ ഒരറിവും ലഭിക്കില്ല. ഫോട്ടോ ഗാലറിയിൽ മുൻ വൈസ് ചാൻസലർ സജി ഗോപിനാഥിന്റെ ചില ചിത്രങ്ങൾ കാണാൻ സാധിക്കും.
സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സർവകലാശാല അഥോറിറ്റികളുടെ പട്ടികയിൽ ചാൻസലറായ ഗവർണറുടെയും പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണ പട്ടികയിൽ മൂന്നാമതായി കാണേണ്ടത് വൈസ് ചാൻസലറുടെ വിവരങ്ങളാണ്. സിൻഡിക്കറ്റ് അംഗങ്ങളെക്കുറിച്ചും വ്യക്തമായി വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്റ്റാറ്റ്യൂട്ടറി ഓഫീസേഴ്സിന്റെ പട്ടികയിൽ രജിസ്ട്രാർ, കണ്ട്രോളർ ഓഫ് എക്സാമിനേഷൻ, ഡീൻ റിസേർച്ച്, ഡീൻ അക്കാദമിക് എന്നിവരുടെ പേരുകളും ഇവരെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ട്. ഗവർണറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ജനപ്രതിനിധികളും വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകളും ഉൾപ്പെടുന്ന ബോർഡ് ഓഫ് ഗവേർണേഴ്സിന്റെയും വിശദമായ വിവരങ്ങളും സർവകലാശാല വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോഴും സർവകലാശാല വൈസ് ചാൻസലറുടെ പേരോ വിവരങ്ങളോ സർവകലാശാല വെബ്സൈറ്റിൽ നിന്നും ലഭ്യമാകാത്ത സാഹചര്യമാണ്.
എന്നാൽ താത്കാലിക വൈസ് ചാൻസലറെ നിയമിച്ച ശേഷവും സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാർ സ്വന്തമായി പുറപ്പെടുവിച്ച വിജ്ഞാപം ഇപ്പോഴും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സാങ്കേതിക സർവകലാശാലയുടേയും വെബ്സൈറ്റുകളിൽ കിടക്കുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ.സജി ഗോപിനാഥ് വിരമിച്ചതിനെത്തുടർന്ന് ഒരുമാസത്തിനു ശേഷമാണ് ഡോ. കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാലയുടേയും ഡോ. സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാലയുടേയും വി.സിമാരായി ഗവർണർ നിയമിച്ചത്.