കർഷകദ്രോഹ നിലപാടുകൾക്കെതിരേ പ്രക്ഷോഭം നടത്തും: കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ
Monday, December 16, 2024 5:54 AM IST
തലശേരി: വനംവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനസർക്കാർ വിഭാവനം ചെയ്യുന്ന കർഷക ദ്രോഹ നിലപാടുകൾക്കെതിരേയും കരിനിയമങ്ങൾക്കെതിരേയും ജനങ്ങളെ ബോധവത്കരിക്കുമെന്നും വേണ്ടിവന്നാൽ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ.
ഇന്നലെ തലശേരിയിൽ നടന്ന മലബാർ റീജൺ നേതൃസംഗമത്തിലാണു തീരുമാനം. തലശേരി, താമരശേരി, മാനന്തവാടി രൂപത കമ്മിറ്റികളുടെ കീഴിലുള്ള യുവജനനേതാക്കളാണ് ഇന്നലെ തലശേരിയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ശബ്മില്ലാത്തവന്റെ ശബ്ദമായി മാറിക്കൊണ്ട്, അസംഘടിതരായ കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി നിലകൊണ്ട്, ഭരണകൂട ഭീകരതയ്ക്കെതിരേ സധൈര്യം പോരാടുന്ന കത്തോലിക്കാ കോൺഗ്രസിന്റെ ശക്തിയാണ് യൂത്ത് കൗൺസിൽ എന്ന് അദ്ദേഹം പറഞ്ഞു.
കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ.അഖിൽ മുക്കുഴി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കൗൺസിൽ ജനറൽ കോ-ഓർഡിനേറ്റർ സിജോ എലന്തൂർ അധ്യക്ഷനായിരുന്നു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ട്രീസ ലിസ് ബാസ്റ്റ്യൻ, ജോയ്സ് മേരി, സിജോ കണ്ണേഴത്ത്, ഷിജോ ഇടയാടി, അബി മാത്യൂസ് കാഞ്ഞിരപ്പാറ, എബിൻ കുമ്പുക്കൽ, രാജീവ് കണിയാന്തറ എന്നിവർ പ്രസംഗിച്ചു.