കാട്ടാന ആക്രമണം: റിസോർട്ട് തൊഴിലാളിക്ക് ഗുരുതര പരിക്ക്
Monday, December 16, 2024 5:54 AM IST
മാനന്തവാടി: പുൽപ്പള്ളി ചേകാടി പൊളന്ന ചന്ദ്രോത്ത് കാട്ടാന ആക്രമണത്തിൽ നിർമാണത്തൊഴിലാളിക്കു ഗുരുതര പരിക്ക്. പൊളന്ന എലിഫന്റ് വാലി റിസോർട്ടിലെ തൊഴിലാളി പാലക്കാട് സ്വദേശി സതീശനാണു പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.
സതീശൻ ഉൾപ്പെടുന്ന അഞ്ചംഗസംഘം കടയിലേക്കു പോകുന്നതിനിടെയാണു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തിരിഞ്ഞോടുന്നതിനിടെ സതീശനെ ആന പിന്നിൽനിന്നു കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ആനയുടെ കൊന്പ് സതീശന്റെ വയറ്റിൽ തുളഞ്ഞുകയറി. വാഹന സൗകര്യം ഇല്ലാതിരുന്നതിനാൽ ഒന്നര മണിക്കൂറിനു ശേഷമാണ് സതീശനെ ആശുപത്രിയിലെത്തിച്ചത്.