നാടിന്റെ പൊന്നോമനകൾക്കു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Saturday, December 14, 2024 2:17 AM IST
കല്ലടിക്കോട്: പനയന്പാടം ലോറിയപകടത്തിൽ മരിച്ച വിദ്യാർഥിനികൾക്കു നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹങ്ങൾ വീടുകളിലെത്തിച്ചപ്പോൾ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ദുഃഖം അണപൊട്ടി. ഹൃദയഭേദകമായ കാഴ്ച ഏവരുടെയും കണ്ണുനനയിച്ചു.
കരിന്പ ചെറുള്ളി സ്വദേശികളായ ആയിഷ, റിദ ഫാത്തിമ, ഇർഫാന, നിദ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ പുലർച്ചെ അഞ്ചരയോടെ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്ന് പോലീസ് അകന്പടിയോടെ നാല് ആംബുലൻസുകളിലായി വീടുകളിലേക്കു കൊണ്ടുവന്നു.
ചെറുള്ളിയിൽ ആയിഷയുടെ വീടാണ് ആദ്യം. തുടർന്നങ്ങോട്ട് റിദ, ഇർഫാന, നിദ ഫാത്തിമ എന്നിവരുടെ വീടുകൾ... ദിവസേന സ്കൂളിലേക്ക് ഒരുമിച്ചു പോയിവന്നിരുന്ന കൂട്ടുകാരികളുടെ ചേതനയറ്റ ശരീരം നിരനിരയായി തുപ്പനാട് ചെറുള്ളിയിലേക്കെത്തുന്പോൾ ഗ്രാമം കണ്ണീരിൽ കുതിർന്നിരുന്നു. വീടുകളിൽനിന്ന് എട്ടോടെ മൃതദേഹങ്ങൾ തുപ്പനാട് ദേശീയപാതയോരത്തെ കരിന്പനയ്ക്കൽ ഹാളിലേക്ക് ആംബുലൻസിൽ കൊണ്ടുവന്നു.
8.20ന് ഹാളിൽ പൊതുദർശനം. അതിനു മുന്പേതന്നെ നാടുമുഴുവൻ കരിന്പനയ്ക്കൽ ഹാളിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. ഹാളിന്റെ വളപ്പും കവിഞ്ഞ് റോഡിന്റെ ഇരുവശങ്ങളിലേക്കും വരികൾ നീണ്ടതോടെ പലപ്പോഴും ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. അവസാനമായി ഒരു നോക്കുകണ്ടവർ പിരിഞ്ഞുപോകാതെ അന്ത്യയാത്രയ്ക്കു സാക്ഷ്യം വഹിക്കാൻ സമീപത്തെ കെട്ടിടങ്ങളിലും മറ്റുമായി വിതുന്പലോടെ ഒതുങ്ങിനിന്നു.
പ്രിയമക്കളുടെ മൃതദേഹങ്ങൾക്കരികിലായി രക്ഷിതാക്കളുടെ ഉള്ളുലഞ്ഞുള്ള ഇരിപ്പ് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. കൂട്ടുകാരികളെ കാണാനായി വന്ന കരിന്പ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും, അധ്യാപകരും വിതുന്പുന്നതും സങ്കടക്കാഴ്ചയായി.
ചില കുട്ടികൾ അലമുറയിട്ടുകരഞ്ഞു. കുടുംബാംഗങ്ങളെയും കൂട്ടുകാരികളെയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.
പൊതുദർശനം പത്തുവരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും തിരക്കുമൂലം 10.30 വരെ നീണ്ടു. ശേഷം മൃതദേഹങ്ങൾ തുപ്പനാട് ജുമാമസ്ജിദിലേക്കു കൊണ്ടുപോയി. മതപരമായ ചടങ്ങുകൾക്കുശേഷം 10.50ന് കബർസ്ഥാനിലെത്തിച്ചു. അടുത്തടുത്തായുള്ള കബറുകളിലാണ് നാലുപേരെയും സംസ്കരിച്ചത്.