കുഴൽപ്പണ കേസ്: തിരൂർ സതീഷിന്റെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും
Sunday, December 15, 2024 1:35 AM IST
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി.
നാളെ വൈകീട്ട് നാലിനു കുന്നംകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനുമുന്നിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള അന്വേഷണസംഘത്തിന്റെ നോട്ടീസ് തിരൂർ സതീഷിനു ലഭിച്ചു. നേരത്തേ അന്വേഷണസംഘത്തിനു നൽകിയ മൊഴി മാറ്റാതിരിക്കാനാണ് സെക്ഷൻ 164 പ്രകാരം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുവേളയിൽ ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലായിരുന്നു തിരൂർ സതീഷ് നടത്തിയത്.
വെളിപ്പെടുത്തൽ പുറത്തുവന്നതോടുകൂടി വിഷയം ഗൗരവതരമാണെന്നും കൂടുതൽ ആളുകൾ ഇതിനു പിന്നിലുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്താൻ തീരുമാനിച്ചത്.
കുറ്റപത്രം സമർപ്പിച്ച കേസായതിനാൽ തുടരന്വേഷണത്തിനു കോടതിയിൽനിന്ന് അനുമതി തേടിയിരുന്നു.