നഷ്ടപ്പെട്ട സ്വർഗം തുറന്നുതരാൻ വന്നവൻ
തിരുപ്പിറവിയുടെ മഹത്വം/റവ. ഡോ. ദേവമിത്ര നീലങ്കാവില്-16
Monday, December 16, 2024 6:16 AM IST
പാപം മൂലം മനുഷ്യവംശത്തിനു നഷ്ടപ്പെട്ട സ്വർഗം തുറന്നുനൽകാൻ മനുഷ്യനായി അവതരിച്ച ദൈവപുത്രനാണ് ഈശോമിശിഹ. തന്റെ ശരീരമാകുന്ന വഴിയിലൂടെ ഈശോ മനുഷ്യമക്കൾക്കായി നവീനവും സജീവവുമായ ഒരു പാത സ്വർഗത്തിലേക്ക്, നിത്യജീവനിലേക്ക് തുറന്നുതന്നിരിക്കുന്നു (ഹെബ്രാ 10:20). കുരിശിലെ ബലിയിൽ തന്റെ ശരീരം കീറിമുറിക്കപ്പെട്ടതുവഴി മനുഷ്യവംശത്തെ വിശുദ്ധീകരിച്ച ഈശോ, തന്നിലുള്ള വിശ്വാസംവഴി, കൃപയാൽ, സൗജന്യമായി ആ രക്ഷ, ആ വിശുദ്ധീകരണം സ്വന്തമാക്കാൻ ഓരോ മനുഷ്യനെയും തന്റെ സുവിശേഷത്തിലൂടെ വിളിക്കുന്നു. എന്തെന്നാൽ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട് (യോഹ 6:44). എന്നാൽ വെല്ലുവിളി മറ്റൊന്നാണ്. ഈശോയിൽ വിശ്വസിക്കുന്നെന്നു പറയുന്നവൻ, അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു (1 യോഹ 2:6). ഈശോ നടന്ന വഴി അഥവാ അവൻ കാണിച്ചുതന്ന വഴി സുവിശേഷത്തിന്റെ വഴിയാണ്, കുരിശിന്റെ വഴിയാണ്.
നിത്യജീവൻ അവകാശപ്പെടുത്താൻ ഭൂമിയിൽ എന്തു ചെയ്യണമെന്ന ചോദ്യത്തിന് ഈശോ മറുപടിയായി പറഞ്ഞു, “പ്രമാണങ്ങൾ അനുസരിക്കുക. എന്നുവച്ചാൽ കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നൽകരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’’ (മത്താ 19:17-19).
നല്ല വീട്ടിൽ, നല്ല വസ്ത്രം ഉടുത്ത്, നല്ല ഭക്ഷണം കഴിച്ച് യാതൊരു ഉപദ്രവവും ആർക്കും ചെയ്യാതെ ജീവിച്ചു മരിച്ച, തന്റെ കൺമുന്നിൽ ഭവനരഹിതനായി, അല്പവസ്ത്രധാരിയായി, നായ്ക്കൊപ്പം ഭക്ഷണം കഴിച്ചു ജീവിച്ച ലാസറിനെ കാണാതെ, കണ്ടെങ്കിൽത്തന്നെ സഹായിക്കാതെ മരിച്ചുപോയ ധനവാന് ദൈവം നൽകിയതു നരകമായിരുന്നു. ആർക്കും ഉപദ്രവം ചെയ്യാതിരുന്നതുകൊണ്ട് മാത്രം സ്വർഗം സ്വന്തമാക്കുകയില്ല. മറിച്ച് ഉപദ്രവം ചെയ്യാത്തതോടൊപ്പം ഉപകാരംകൂടി ചെയ്യുന്നവനേ സ്വർഗത്തിൽ സ്ഥാനമുള്ളൂവെന്ന് ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെ ദൈവപുത്രൻ മനുഷ്യകുലത്തെ പഠിപ്പിച്ചു.
മനുഷ്യൻ ഏതുസമയത്ത് മരിക്കുമെന്നോ എന്ന് എവിടെവച്ച് മരിക്കുമെന്നോ അറിയായ്കയാൽ എപ്പോഴും ജാഗ്രതയോടെ സ്നേഹത്തിന്റെ പ്രവൃത്തികളാകുന്ന എണ്ണയൊഴിച്ച് ജീവിതത്തിലെ വെളിച്ചം അണയാതെ വിവേകപൂർവം കാത്തിരിക്കണമെന്നു പത്ത് കന്യകകളുടെ ഉപമയിലൂടെ അവിടന്ന് മനുഷ്യമക്കളെ പഠിപ്പിച്ചു. ലഭിച്ച കഴിവുകൾ നൂറുശതമാനം വർധിപ്പിച്ച് തിരിച്ചുനൽകാത്തവർക്കും സ്വർഗത്തിൽ പ്രവേശനം ഇല്ലെന്ന് ഈശോ താലന്തുകളുടെ ഉപമയിലൂടെ പഠിപ്പിച്ചു. എല്ലാറ്റിലുമുപരി, അപരനിൽ ദൈവത്തിന്റെ മുഖം കണ്ട് ദാഹിക്കുന്നവർക്ക് പാനീയവും വിശക്കുന്നവർക്ക് ഭക്ഷണവും വസ്ത്രമില്ലാത്തവർക്ക് വസ്ത്രവും പാർപ്പിടം ഇല്ലാത്തവർക്കു പാർപ്പിടവും രോഗിക്ക് സാന്ത്വനവും ശുശ്രൂഷയും ചികിത്സയും തടവുകാർക്ക് സാമീപ്യവും നീതിയും നടത്തിക്കൊടുക്കാത്തവർക്കും സ്വർഗത്തിൽ പ്രവേശനമില്ലെന്ന് അന്ത്യവിധികർത്താവായ ഈശോ സുവിശേഷത്തിലൂടെ പഠിപ്പിക്കുന്നു.
മേൽപ്പറഞ്ഞവയൊന്നും ചെയ്യാതെ പ്രാർഥിച്ചും പ്രസംഗിച്ചും അദ്ഭുതങ്ങൾ പ്രവർത്തിച്ചും ജീവിച്ച് മരണാനന്തരം വിധിയാളന്റെ മുന്പിൽ നിൽക്കുന്പോൾ “നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല, അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ” (മത്താ 7:21-23) എന്നു വിധിയാളൻ പറയും എന്ന് ദൈവപുത്രൻ നമ്മെ പഠിപ്പിക്കുന്നു.
തന്റെ കുരിശിലെ ബലി വഴിയും സുവിശേഷപ്രഘോഷണംവഴിയും സ്വർഗം മനുഷ്യർക്കായി തുറന്നുതന്ന ദൈവപുത്രൻ സ്വർഗാരോഹണം ചെയ്യുന്നതിനുമുന്പ് തന്റെ ശിഷ്യഗണത്തോട് പറഞ്ഞു, “ഞാൻ നിങ്ങൾക്കായി വാസസ്ഥലം ഒരുക്കാൻ പോകുന്നു’’ എന്ന്. സ്വർഗത്തിലേക്കുള്ള വഴിയും വാതിലുമായ ഈശോമിശിഹായുടെ ജനനത്തിരുനാൾ സ്വർഗോന്മുഖരായി ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കട്ടെ!